കൊച്ചി: നടനും മിമിക്രി താരവുമായ പാഷാണം ഷാജിയെ (സാജു നവോദയ) ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും പങ്കുണ്ടെന്നു മൊഴി. കഴിഞ്ഞ ശനിയാഴ്ച രാത്രി സംഭവത്തിലുൾപ്പെട്ട രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നൽകിയ മൊഴിയിലാണു വനം വകുപ്പ് ഉദ്യോഗസ്ഥനു ഭീഷണിപ്പെടുത്തിയതിൽ പങ്കുണ്ടെന്നു പറയുന്നത്. ഇതോടെ പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തി. സുനിൽ എന്ന പേരാണു പ്രതികൾ നൽകിയ മൊഴിയിൽ ഉള്ളത്. ഇയാൾ ഒളിവിലാണെന്നാണു സൂചന.
ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിനു സമീപം താമസിക്കുന്ന ദേവസി ഐസക്ക് (29), കൃഷ്ണദാസ് (29) എന്നിവരാണു കഴിഞ്ഞ ദിവസം പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. ഷാജി അസിസ്റ്റന്റ് കമ്മീഷണർ കെ. ലാൽജിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായതിരുന്ന് അറസ്റ്റ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പാലാരിവട്ടം പോലീസ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ടു. പണം നൽകാമെന്നും പാലാരിവട്ടം പൈപ്പ് ലൈൻ റോഡിൽ എത്തണമെന്നും ആവശ്യപ്പെട്ടു. പണം വാങ്ങുന്നതിനായി എത്തിയവരെ പിടികൂടുകയായിരുന്നു.
പാഷാണം ഷാജിയും സംഘവും കാക്കനാട് നടത്തിയ ഒരു സ്റ്റേജ് ഷോയിൽനിന്നാണു കാര്യങ്ങളുടെ തുടക്കം. ഷോയിൽ സംഘാംഗങ്ങളിൽ ഒരാൾ സ്നെക്ക് ഡാൻസ് അവതരിപ്പിച്ചു. ഈ വിവരമറിഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് ഷാജിയെ ഓഫീസിൽ വിളിച്ചു വരുത്തുകയും സ്നേക്ക് ഡാൻസ് അവതരിപ്പിച്ച തിരുവനന്തപുരം സ്വദേശിയുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. പക്ഷേ, ഇങ്ങനെയുള്ള പരിപാടി നിയമലംഘനമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇനി ആവർത്തിക്കില്ലെന്നും അറിയിച്ചതോടെ ഉദ്യോഗസ്ഥർ ഷാജിയോടു പോയ്ക്കോളാൻ പറഞ്ഞു.
ഇതിനു ശേഷം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന പേരിൽ സുനിൽ എന്നെരാൾ പരിപാടി ആവശ്യപ്പെട്ടു വിളിച്ചു. പക്ഷേ, സിനിമയുടെ തിരക്കുള്ളതിനാൽ വരാൻ കഴിയില്ലെന്നു ഷാജി അറിയിച്ചു. ഇതിനു ശേഷമാണു ഭീഷണിപ്പെടുത്തിയുള്ള ഫോണ് കോളുകൾ ലഭിക്കാൻ തുടങ്ങിയത്. ഇതിനിടെ വേദസി ഐസക്ക് അഭിഭാഷകനാണെന്ന പേരിൽ വിളിക്കുകയും കേസിൽ ഉൾപ്പെടാതിരിക്കാൻ പണം നൽകുകയാണു നല്ലതെന്നു പറയുകയും ചെയ്തു. ജയിലിൽ പോകേണ്ടി വരുമെന്നും അല്ലെങ്കിൽ പത്തു ലക്ഷം രൂപ നൽകണമെന്നുമായിരുന്നു ഭീഷണി. ഒരു മാസമായി നിരന്തരം ഇതു തുടർന്നതോടെയാണു ഷാജി പോലീസിന്റെ സഹായം തേടിയത്.
വനം വകുപ്പ് ഉദ്യോഗസ്ഥനിൽനിന്നു കാക്കനാട്ടെ ഷോയുടെ വിശദാംശങ്ങൾ ലഭിച്ച പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു ഭീഷണിപ്പെടുത്തിയുള്ള ഫോണ് കോളുകളെന്നാണു പോലീസ് സംശയിക്കുന്നതെന്നാണു സൂചന. പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയാൽ മാത്രമേ വനം വകുപ്പ് ഉദ്യോഗസ്ഥർക്കാർക്കെങ്കിലും പങ്കുണ്ടോയെന്നു സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളുവെന്നു പാലാരിവട്ടം എസ്ഐ കെ.ജി. വിപിൻ കുമാർ പറഞ്ഞു.