വാളയാറിൽ കൊല്ലപ്പെട്ട പെണ്കുട്ടികൾക്ക് നീതി നിഷേധിച്ചതിൽ പ്രതിഷേധവുമായി നടൻ സാജു നവോദയ. കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാജു.
ഇനി എനിക്ക് മക്കൾ വേണ്ട. അത്രയ്ക്ക് വിഷമമുണ്ട്. ഇതൊന്നും നിർത്താൻ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന് ചിന്തിച്ചാൽ മതി. വ്യക്തമായ രാഷ്ട്രിയ ചിന്തയുള്ളയാളാണ് ഞാൻ. ഒരു രാഷ്ട്രിയ പാർട്ടിക്കും ഞാൻ എതിരല്ല. പക്ഷെ ആ കുട്ടികൾക്ക് നീതി ലഭിക്കണം. കലാകാരൻ എന്ന നിലയിൽ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യമെന്ന നിലയിലാണ് ഈ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്.
ഇതിനെക്കുറിച്ച് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. അറിയാത്ത കാര്യങ്ങൾ നിരവധിയുണ്ടാകും. ഇതിനെയൊക്കെ നേരിടാൻ ഒരാൾ വരും. ഇതുപോലെ ചെയ്യുന്നവന്മാർക്ക് മറുപടിയമായി അവൻ വരും. ഇവിടെ പിഞ്ച് കുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കൾ ഉണ്ടാകരുതെന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുകയാണ് നല്ലത്. വിതുമ്പലോടെ സാജു പറഞ്ഞു.
വാളയാർ കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ ഒരു സംഘം സിനിമ പ്രവർത്തകരുടെ നേതൃത്വത്തിൽ തെരുവ് നാടകത്തിലൂടെ പ്രതിഷേധിച്ച പരിപാടിക്കിടെയാണ് സാജു മനസ് തുറന്നത്. നവജിത്ത് നാരായണന്റെ നേതൃത്വത്തിൽ റാഷിൽ ഖാൻ, നിഖിൽ ജയൻ തുടങ്ങിയവരാണ് നാടകത്തിൽ അഭിനയിച്ചത്. എറണാകുളം ബോട്ട് ജെട്ടിയിൽ നിന്ന് ആരംഭിച്ച പ്രകടനം ജിസിഡിഎ കോംപ്ലക്സിന് മുന്നിലാണ് അവസാനിച്ചത്.