കോട്ടയം: ഈസ്റ്റ് സിഐ സാജുവർഗീസിനെ സസ്പെൻഷനിലേക്ക് നയിച്ചത് കേസിൽ നടപടിക്രമങ്ങൾ പാലിക്കാത്തതെന്ന് സൂചന. കൈക്കൂലി സ്ഥിരീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ രണ്ടാഴ്ചക്കുള്ളിൽ സാജുവർഗീസ് മടങ്ങി വന്നേക്കുമെന്നും പറയുന്നു.
പോലീസിലെ ഒരു വിഭാഗത്തിന്റെ സമ്മർദമാണ് സസ്പെൻഷനിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. ബിസിനസുകാരന് തിരികെ കിട്ടാനുള്ള പണം ലഭിക്കാനായി നല്കിയ പരാതിയെക്കുറിച്ചുള്ള അന്വേഷണത്തിലെ പാളിച്ചയാണ് സിഐക്ക് വിനയായത്.
പുതുപ്പള്ളി സ്വദേശിയായ ബിസിനസുകാരന്റെ മകന് മംഗലാപുരത്ത് മെഡിക്കൽ സീറ്റിന് നല്കിയ ലക്ഷങ്ങൾ തിരികെ കിട്ടാനാണ് പോലീസിൽ പരാതി നല്കിയത്. കേസെടുത്ത് അന്വേഷണ ചുമതല ഏറ്റെടുത്ത സിഐ മംഗലാപുരത്ത് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തു കൊണ്ടുവന്നു. പിന്നീട് പ്രതികളും വാദികളുമായി ഒത്തുതീർപ്പുണ്ടാക്കി പണം തിരികെ കൊടുപ്പിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യാതെ വിട്ടയക്കുകയും ചെയ്തു. ഇതാണ് സിഐക്ക് വിനയായത്. എന്നാൽ കിട്ടാനുള്ള പണം കിട്ടിയപ്പോൾ പ്രതിഫലം പോലീസ് കൈപ്പറ്റിയതെന്ന ആരോപണം തെളിയിക്കാനായില്ല. കൈക്കൂലി വാങ്ങിയതിന് തെളിവൊന്നും കിട്ടിയില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് ഐജിക്ക് ലഭിച്ചത്.
എന്നിട്ടും സസ്പെൻഷൻ ഉണ്ടായത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള സമ്മർദമാണെന്നു പറയപ്പെടുന്നു. 2017 ഡിസംബറിലുണ്ടായ സംഭവം വിവാദമായത് രണ്ടുമാസം മുൻപാണ് എന്നതും ശ്രദ്ധേയമാണ്.