കൊച്ചി: എറണാകുളം കലൂരിൽ യുവാവ് കുത്തേറ്റു മരിച്ചു. വെണ്ണല ശാന്തിനഗർ റോഡ് കരിപ്പാലവേലിയിൽ വീട്ടിൽ സക്കീർ ഹൂസൈന്റെ മകൻ സജുൽ (28) ആണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെ 1.30-ന് ചമ്മിണി റോഡിൽ വച്ചുണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കലൂർ ചമ്മിണി റോഡ് പുളിക്കൽ കിരണി (24)നെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
സംഘർഷത്തിൽ മുഖത്തും ഇടതുകൈയിലും മുറിവേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രി വിട്ടാലുടൻ പോലീസ് അറസ്റ്റ് രേഖപ്പെടുത്തും. കിരണിന്റെ സഹോദരൻ കെവിൻ, ഇയാളുടെ പെണ് സുഹൃത്ത് ആദിത്യ സോണി, ജനീഷ്, ജോബി എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്.
കിരണിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തി പരിക്കേറ്റ ചക്കരപ്പറന്പ് സ്വദേശി അശ്വിൻ ആയൂബും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സജുൽ ആമസോണ്‍ കന്പനിയുടെ ഡെലിവറി ജോലിയാണ് ചെയ്തിരുന്നത്. അടിപിടി കഞ്ചാവ് കേസുകളിലായി സജിലിന് പാരിവട്ടം, എറണാകുളം നോർത്ത് സ്റ്റേഷനുകളിൽ കേസുണ്ട്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കിരണിന്റെ സഹോദരൻ കെവിൻ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഒരു ഫോട്ടോ പോസ്റ്റു ചെയ്തിരുന്നു.
എതിർ ഗ്യാംഗിൽപ്പെട്ട ഹൈദർ, സെബിൻ, മരിച്ച സജുൻ എന്നിവർ കമന്റ് ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിനു കാരണമായത്.
ഈ രണ്ടു ഗ്യാംഗിൽപ്പെട്ടവരും മുന്‍പ് സുഹൃത്തുക്കൾ ആയിരുന്നു. പ്രതി കിരണിന്റെ പെണ് സുഹൃത്തിന്റെ ഇടപ്പള്ളി ടോളിലുള്ള ഗെയിമിംഗ് സെന്ററിൽനിന്ന് സെബിൻ മൂന്നു ലക്ഷം രൂപ കൈവശപ്പെടുത്തിയ ശേഷം പെണ്‍സുഹൃത്തിനെ ആക്രമിച്ചതിന് ചേരാനല്ലൂർ പോലീസിൽ കേസുള്ളതാണ്.
ഇതിനുശേഷം ഇരു ഗ്യംഗുകളും തെറ്റിപ്പിരിഞ്ഞു. തുടർന്ന് കിരണിന്റെ നേതൃത്വത്തിൽ ഒരു ഗ്യാംഗും സെബിന്റെ കീഴിൽ മറ്റൊരു ഗ്യാംഗും രൂപീകരിച്ചു. മരിച്ച സജുൻ സെബിന്റെ ഗ്യാംഗിലായിരുന്നു.
ഒരു മാസത്തിനിടയിൽ ആറ് കൊലപാതകങ്ങൾ
കൊച്ചി: ഒരുമാസത്തിനിടയിൽ എറണാകുളം നഗരത്തിലും പരിസരങ്ങളിലുമായി നടന്നത് ആറു കൊലപാതകങ്ങൾ. അങ്കമാലി നായത്തോട്ടിൽ ഒഗസ്റ്റിൽ പെറ്റമ്മ മേരിയെ മകൻ കിരണ്‍ കുത്തിവീഴത്തിയതായിരുന്നു ആദ്യ കൊലപാതകം.
എറണാകുളം നോർത്തിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് നീണ്ടകര സ്വദേശി എഡിസന്റെ ജീവനെടുത്തത് മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷായിരുന്നു. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
ലൈംഗിക ഇടപാടിന് ട്രാൻസ്ജെൻഡറെ സമീപിച്ചവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുട്ടിനകം സ്വദേശി ശ്യാം കൊല്ലപ്പെട്ടത്.
കാക്കനാട് ഫ്ളാറ്റിലെ കൊലപാതകത്തിൽ മലപ്പുറം സ്വദേശി സജീവ് കൃഷ്ണയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നെട്ടൂരിൽ പാലക്കാട് സ്വദേശി അജയകുമാറിനെ കൊല ചെയ്തത് പാലക്കാട് സ്വദേശി സുരേഷായിരുന്നു.
ഇതിൽ ഒടുവിലത്തെ കൊലപാതകമാണ് സജുലിന്റേത്. നഗരത്തിൽ സുരക്ഷ ശക്തമാക്കിയെന്ന് പോലീസ് അവകാശപ്പെടുന്പോഴും ജനങ്ങളെ ഭീതിപ്പെടുത്തി കൊലപാതകങ്ങൾ ഇവിടെ തുടർക്കഥയാകുന്ന സ്ഥിതിവിശേഷമാണുള്ളത്.