സീമ മോഹന്‍ലാല്‍
കൊച്ചി: കൊറോണ ഡ്യൂട്ടി കഴിഞ്ഞുള്ള സമയം തന്റെ ഇഷ്ടവിനോദത്തിനായി മാറ്റിവയ്ക്കുകയാണ് സജു രഘുറാം എന്ന പോലീസ് ഉദ്യോഗസ്ഥന്. ഗ്ലാസ് പെയിന്റിംഗ്, ബോട്ടില്‍ പെയിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, ജ്വല്ലറി മേക്കിംഗ് എന്നിവയിലൂടെ സജു മനോഹരമായ സൃഷ്ടികളാണ് ഉടലെടുക്കുന്നത്
കോഴിക്കോട് എലത്തൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ സജു ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല.
ഒളവണ്ണ എല്‍പി സ്കൂളിലെ അധ്യാപികയായ ഭാര്യ ദിവ്യയുടെ പ്രോജക്ട് വര്‍ക്കിന്റെ ഭാഗമായി അവര്‍ ചെയ്ത ഒരു വര്‍ക്കാണ് സജുവിനെ ഗ്ലാസ് പെയിന്റിംഗിലേക്ക് നയിച്ചത്.
ഏഴു വര്‍ഷം മുമ്പ് ഹൈക്കോടതി ജഡ്ജി ഭവദാസന്‍ നമ്പൂതിരിപ്പാടിന്റെ ഗണ്‍മാനായിരുന്ന സമയത്ത് ഇതിലേക്ക് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിച്ചെന്ന് സജു പറയുന്നു.
ത്രീ ഡി ഗില്‍റ്റര്‍ ഉപയോഗിച്ചാണ് ഇദ്ദേഹം ബോട്ടില്‍ പെയിന്റിംഗു നടത്തുന്നത്. ജ്വല്ലറി മേക്കിംഗില്‍ മാല, കമ്മല്‍, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് നിര്‍മിക്കുന്നത്. പേപ്പറിലുള്ള മനോഹരമായ ആഭരണങ്ങളും ഇക്കൂട്ടത്തില്‍ പെടും.
ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെയാണ് പെയിന്റിംഗുകളും ആഭരണങ്ങളുമൊക്കെ സജു നല്‍കുന്നത്. സജുവിന്റെ സൃഷ്ടികള്‍ വിദേശരാജ്യങ്ങളിലേക്ക് എത്തിയിട്ടുണ്ട്.
സുഹൃത്തുക്കള്‍ വഴിയാണ് ഗള്‍ഫു നാടുകളിലേക്കും ബ്രിട്ടനിലേക്കുമൊക്കെ ഇവ കൊണ്ടുപോയിട്ടുള്ളത്. സ്റ്റാമ്പ്, കറന്‍സി, നാണയം എന്നിവയുടെ വിപുലമായ ശേഖരവും ഇദ്ദേഹത്തിന്റെ കൈയിലുണ്ട്.