കോട്ടയം: ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്തതിനു മുൻ മന്ത്രി സജി ചെറിയാൻ പെറ്റി അടിച്ചതിനുശേഷം താൻ പെറ്റി അടയ്ക്കാമെന്ന് ജനപക്ഷം നേതാവും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ ഷോണ്‍ ജോർജ്.
ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിനു സജി ചെറിയാനെതിരെ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയായൽ പോസ്റ്റിട്ട ഷോണ്‍ ജോർജിനെതിരെ അതേ നാണയത്തിൽ സോഷ്യൽ മീഡിയായിലെ ഇടത് അനുകൂലികൾ മറുപടി നൽകിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഷോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രി സ്ഥാനം രാജി വച്ച സജി ചെറിയാൻ ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിക്കുന്ന ഫോട്ടോയ്ക്കു താഴെ ഹെൽമറ്റ് എവിടെ സഖാവേ’ എന്ന ചോദ്യവുമായിട്ടാണ് ഷോണ്‍ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്.
നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിലെ ഇടത് അനൂകൂലികളും സൈബർ സഖാക്കളും ഷോണ്‍ ജോർജ് ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും പോസ്റ്റു ചെയ്തു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച ഷോണ്‍ മേലുകാവ്, മൂന്നിലവ് പ്രദേശത്തു കൂടി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്കൂട്ടറിൽ സഞ്ചരിച്ചിരുന്നു.
ഈ സമയത്ത് ഹെൽമറ്റ്് ധരിച്ചിരുന്നില്ല. ഈ ഫോട്ടോകൾ ഇലക്്ഷൻ പ്രചാരണത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയായിൽ പ്രചരിച്ചിരുന്നു.
ഈ ഫോട്ടോകളാണ് പോസ്റ്റ് ചെയ്തത്. ഇതോടെ മുന്‍പ് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പടം പത്രത്തിൽ വന്നതിനെത്തുടർന്ന് പെറ്റി അടച്ച സംഭവം സൈബർ സഖാക്കളെ ഓർമിപ്പിച്ചാണ് ഷോണ്‍ തിരിച്ചടിച്ചത്.
പി.സി. ജോർജും ഷോണ്‍ ജോർജും നേരത്തെ കേരള കോണ്‍ഗ്രസ് എമ്മിൽ ആയിരുന്നപ്പോൾ നടന്ന സംസ്ഥാന സമ്മേളനത്തിൽ കോട്ടയത്ത് യൂത്ത് ഫ്രണ്ട് ബൈക്ക് റാലിയിൽ ഷോണ്‍ ഹെൽമറ്റ് വയ്ക്കാതെ യാത്രചെയ്തിരുന്നു.
ഇതു സോഷ്യൽ മീഡിയായിൽ ഉൾപ്പെടെ വിമർശനമുയർന്നിരുന്നു. ബൈക്ക് റാലിയിൽ ഹെൽമെറ്റ് വയ്ക്കാതെ നേതൃത്വം കൊടുത്തതിന്റെ ഫോട്ടോ പിറ്റേ ദിവസം പത്രത്തിൽ വരുകയും നിയമലംഘനത്തിന് കൂട്ടിക്കൽ സ്വദേശിയായ യുവാവ്് പരാതി നൽകുകയും ചെയ്തിരുന്നു.
പരാതിയെക്കുറിച്ച് അറിഞ്ഞപ്പോൾത്തന്നെ പോലീസ് വിളിക്കാൻ പോലും നോക്കിനിൽക്കാതെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ എത്തി ഞാനും 20 പാർട്ടി പ്രവർത്തകരും പെറ്റി അടയ്ക്കുകയാണ് ഉണ്ടായത്.
ആർക്കും രേഖകൾ പരിശോധിക്കാമെന്നും സമൂഹ മാധ്യമത്തിലൂടെ ഷോണ്‍ ജോർജ് ചൂണ്ടിക്കാട്ടി.
നിയമ ലംഘനം ആരു ചൂണ്ടിക്കാണിച്ചാലും അത് അംഗീകരിക്കാൻ യാതൊരു മടിയുമില്ല. നിലപാടിൽ യാതൊരു മാറ്റവുമില്ല. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാൻ കഴിയുകയുമില്ല.
നിങ്ങൾക്കാർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നൽകാം. ഞാൻ അതിന്റെ പെറ്റി അടച്ചിരിക്കും. പക്ഷേ, ഞാൻ പറഞ്ഞ കേസിൽ സജി ചെറിയാൻ എംഎൽഎ പെറ്റി അടച്ചതിനുശേഷം മാത്രമെന്നും ഷോണ്‍ വ്യക്തമാക്കി.