ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബിജെപി- എൻസിപി സംഖ്യം അധികാരത്തിലേറിയതിന്റെ ഞെട്ടലിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ബിജെപിയുമായി ശരത്പവാർ ഒരുമിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് കുറച്ചു ദിവസങ്ങളായി സജീവമായിരുന്നു.
തിങ്കളായ്ച മുതലാണ് ഈ അഭ്യൂഹം ശക്തമായത്. രാജ്യസഭയിൽ മോദിഎൻസിപിയെ അഭിനന്ദിച്ച് പറഞ്ഞ പ്രസ്താവനയോടെയാണ് ബിജെപിയുമായി എൻസിപി സഖ്യത്തിൽ ഏർപ്പെടുമെന്ന റിപ്പോർട്ട് ആദ്യമായി പുറത്തുവന്നത്.
250-ാം സെഷന്റെ ഭാഗമായുള്ള പ്രത്യേക സംവാദത്തിൽ പ്രസംഗിക്കുകയായിരുന്നു മോദി. “ഇന്ന് എൻസിപി, ബിജെഡി എന്നീ രണ്ടു പാർട്ടികളെ അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണ്. രണ്ടു പാർട്ടികളും പാർലമെന്ററി ചട്ടങ്ങളോട് അദ്ഭുതകരമായി ഒട്ടിപ്പിടിച്ചവരാണ്.
സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ രണ്ടു പാർട്ടികളും ശ്രമിച്ചിട്ടില്ല. എന്നാൽ പറയാനുള്ളതു വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യും. എന്റെ പാർട്ടിയായ ബിജെപി ഉൾപ്പെടെ എല്ലാ പാർട്ടികളും ഇവരിൽനിന്നു പഠിക്കേണ്ടതാണ്’ എന്നായിരുന്നു മോദിയുടെ പ്രസംഗം.
രണ്ടു ദിവസത്തിനു ശേഷം പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ മഹാരാഷ്ട്രയിൽ അടിയൊഴുക്കുകൾ സംഭവിക്കുമെന്ന കാര്യം ഏറക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് എൻസിപി അധ്യക്ഷൻ ശരത് പവാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മഹാരാഷ്ട്രയിലെ കർഷകരുടെ പ്രശ്നം ചർച്ച ചെയ്യാനാണ് എത്തിയതെന്നായിരുന്നു പവാറിന്റെ വിശദീകരണം. കൂടിക്കാഴ്ചയിൽ അമിത് ഷായും നിർമല സീതരാമനും ഒപ്പമുണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തുവന്ന പവാർ ശിവസേന -എൻസിപി -കോണ്ഗ്രസ് സർക്കാർ സാധ്യമാകുമോ എന്ന ചോദ്യത്തിന് നൽകിയ മറുപടിയും രാഷ്ട്രീയ കേന്ദ്രങ്ങളിൽ എൻസിപിയുടെ പോക്ക് എങ്ങോട്ടാണെന്ന കാര്യം വ്യക്തമാക്കിയിരുന്നു.
ശിവസേന ബിജെപി സഖ്യവും എൻസിപി കോണ്ഗ്രസ് സഖ്യവും വെവ്വേറെയാണു മത്സരിച്ചത്. പിന്നെ എങ്ങനെയാണ് ഇങ്ങനെ പറയാനാവുക? അവർ അവരുടെ വഴി കണ്ടുപിടിക്കണം. ഞങ്ങളുടെ രാഷ്ട്രീയമാണു ഞങ്ങൾ ചെയ്യുന്നതെന്നുമായിരുന്നു പവാറിന്റെ മറുപടി.പവാറുമായി ചേർന്ന് സർക്കാരുണ്ടാക്കുമെന്നാണു ശിവസേന പറയുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോൾ “നേരോ?’ എന്നായിരുന്നു പ്രതികരണം.
എൻസിപിയിലെ മുതിർന്ന നേതാക്കളായ അജിത് പവാർ, പ്രഫുൽ പട്ടേൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസുള്ളതും പവാറിനെ ആശങ്കയിലാക്കിയിരുന്നു. കേന്ദ്ര സർക്കാരിൽനിന്നു പവാറിനു സമ്മർദമുള്ളതായി പാർട്ടിക്കുള്ളിൽ ഒരുവിഭാഗം വിശ്വസിക്കുന്നതായി നേരത്തെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.