കരവാളൂർ: നമ്മെ നിയന്ത്രിക്കുന്നത് രാഷ്ട്രീയക്കാരാണ് എന്ന ധാരണയാണ് ഏറ്റവും വലിയ അപകടമെന്ന് സാഹിത്യകാരൻ സഖറിയ അഭിപ്രായപ്പെട്ടു. കരവാളൂർ എന്റെ ഗ്രാമം സാംസ്ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലൈബ്രറി ഉദ്ഘാടനം, പുസ്തക പ്രകാശനം, ചലച്ചിത്ര പ്രദർശനം എന്നീ ചടങ്ങുകളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ടീയക്കാരെ നിയന്ത്രിക്കാൻ എന്ന് ജനങ്ങൾക്ക് കഴിയുന്നുവോ, അന്നു മാത്രമേ ജനാധിപത്യം അർഥപൂർണമാകൂവെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പടവം ശ്രീധരൻ, ടി.കെ രാജീവ് കുമാർ, സണ്ണിക്കുട്ടി ഏബ്രഹാം, രാജീവ് അഞ്ചൽ, ടി.പി മാധവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാർളി ബെഞ്ചമിന്റെ ലാബ്രിന്ത് എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനവും നടന്നു. അലങ്കരിച്ച പുസ്തക വണ്ടിയിലൂടെ കരവാളൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച നൂറു കണക്കിന് പുസ്തകങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ലൈബ്രറി സജ്ജമാക്കിയിരിക്കുന്നത്.
ദേശീയ അവാർഡ് ജേതാവ് ഷൈനി ബെഞ്ചമിൻ പെരുമ്പടവം ശ്രീധരനെ ആധാരമാക്കി തയാറാക്കിയ ഡോക്കുഫിക്ഷൻ പ്രദർശിപ്പിച്ചു. ഭാരവാഹികളായ ടി. സുനിൽ, ജെ.ജയചന്ദ്രൻ, രാജേഷ് നായർ. എസ്, അരുൺ കുഞ്ഞുമോൻ , എം.ജോൺ, പ്രഫ. എസ്.മോഹനൻ, ചന്തു തെക്കേവീട്, എൻ. സജി കുമാർ, ഷമീന ലെത്തീഫ് എന്നിവർ പങ്കെടുത്തു.