ദിലീപിനോളം വരുമോ ഒരു നഴ്‌സ്? തെളിവ് കൈയ്യിലുള്ളവര്‍ പോലീസിനെ ഏല്‍പ്പിക്കുക; ദിലീപിനെ തള്ളിപ്പറയാനാവാതെ സക്കറിയ

htfhനടന്‍ ദിലീപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള ഒരു വാക്‌പോരാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ നടന്നുവരുന്നത്. കുറേപ്പേര്‍ ദിലീപ് കുറ്റവാളിയല്ലെന്ന് വാദിക്കുമ്പോള്‍ മറ്റകുറേപ്പേര്‍ ലോകത്തുള്ള മുഴുവന്‍ കുറ്റങ്ങളും ദിലീപിന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം നടത്തുന്നു. എത്ര വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളില്‍. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന ആളുകള്‍പ്പോലും ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ട് സ്വയം അപഹാസ്യരാവുന്ന കാഴ്ചയാണ് പൊതുജനം കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയ വ്യക്തിയാണ് പ്രഗത്ഭനായ എഴുത്തുകാരന്‍ സക്കറിയ. ദിലീപിനെ അനുകൂലിച്ച് സംസാരിച്ചതിന്റെ പേരില്‍ സക്കറിയയ്ക്ക്് ധാരാളം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ സക്കറിയ തയാറായില്ലെന്ന് മാത്രമല്ല, ദിലീപിനെ അനുകൂലിച്ചുകൊണ്ട് വീണ്ടും രംഗത്തെത്തുകയും ചെയ്തു. ദിലീപിനെ അനുകൂലിച്ച് സക്കറിയ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതിപ്രകാരമാണ്.

സക്കറിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

സുഹൃത്തുക്കളെ,
മറ്റേതു പൗരന്റെ കാര്യത്തിലുമെന്നപോലെ നടന്‍ ദിലീപിന്റെ കാര്യത്തിലും കോടതി തീര്‍പ്പു കല്‍പിക്കും വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ് എന്ന സാര്‍വലൗകിക തത്വം ബാധകമാണ് എന്ന് ഞാന്‍ അഭിപ്രായപെട്ടതിനെ എതിര്‍ത്തവരും അനുകൂലിച്ചവരും ഉണ്ട്. എതിര്‍ത്തവരാണ് കൂടുതല്‍. ജനാധിപത്യ തത്വങ്ങളെ മറക്കുന്ന മലയാളികളുടെ എണ്ണം ഒരു പക്ഷെ വര്‍ധിക്കുകയായിരിക്കാം. അതുപോലെ തന്നെ മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനത്തിനു അന്ധമായി അടിമകളാവുന്നവരുടെയും. ചാരവൃത്തിക്കേസിലും സോളാര്‍ കേസിലും – മറ്റു പല സംഭവങ്ങളിലും – മാധ്യമങ്ങള്‍ അഴിച്ചുവിട്ട കൂട്ട മദമിളകലുകളെ ഇത് ഓര്‍മിപ്പിക്കുന്നു. സരിതയുടെ പൗരാവകാശങ്ങളെ പറ്റി ഞാന്‍ അന്ന് എഴുതുമ്പോള്‍ ഭൂരിപക്ഷം സ്ത്രീവേദികളും എത്ര അഗാധമായ മൗനത്തിലായിരുന്നു എന്നത് ഒരു ചെറു പുഞ്ചിരിക്ക് വക തരിക മാത്രം ചെയ്യുന്നു.

ദിലീപിന്റെ വൃത്താന്തങ്ങള്‍ നാട് വാഴുമ്പോള്‍ ജനസേവകരായ നഴ്‌സുമാരുടെ അവകാശസമരം എത്ര സമര്‍ത്ഥമായിട്ടാണ് ഒറ്റപ്പെടുത്തപ്പെടുന്നത് എന്ന് കാണുക. ദിലീപിനോളം വരുമോ വെറുമൊരു നഴ്സ്. ഞാന്‍ ആവര്‍ത്തിക്കട്ടെ. ഒരു ജനാധിപത്യത്തില്‍ ഒരു പൗരനെ കുറ്റവാളി എന്ന് വിധിക്കേണ്ടത് മാധ്യമങ്ങളോ പൊതുജനമോ അല്ല കോടതിയാണ്. അല്ലെങ്കില്‍ ഗോ രക്ഷകര്‍ നടത്തുന്ന അടിച്ചു കൊല്ലലുകള്‍ക്കെന്തു പ്രശ്‌നം? പോലീസിന്റെ ജോലി കോടതിയില്‍ തെളിവുകള്‍ ഹാജരാക്കുക എന്നതാണ്. കോടതി ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുന്നത് വരെ കുറ്റമാരോപിക്കപ്പെട്ട വ്യക്തി നിരപരാധിയാണ്. ജനാധിപത്യ തത്വങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം ഇത് മാത്രമാണ് വാസ്തവം – കൂട്ടഭ്രാന്തുകള്‍ ഇളകുമ്പോളും. നടന്‍ ദിലീപ് കുറ്റവാളിയാണെന്ന് വിശ്വസിക്കുന്നവര്‍ അപ്രകാരം ചെയ്യുന്നത് വ്യക്തമായ തെളിവില്ലാതെ ആയിരിക്കാന്‍ വഴിയില്ല. അവര്‍ക്കു സമൂഹത്തിനു വേണ്ടി ഒരു നല്ല കാര്യം ചെയ്യാവുന്നതാണ്. ആ തെളിവുകള്‍ പോലീസിനെ ഏല്‍പ്പിക്കുക. ദിലീപിനെ എത്രയും വേഗം പ്രോസിക്യൂട് ചെയ്യാനും ശിക്ഷിക്കാനും അത് സഹായിക്കും. നന്ദി.

Related posts