പാവറട്ടി: പുണ്യ റംസാനിലെ ശ്രേഷ്ഠമായ ഇരുപത്തിയേഴാം രാവിൽ സക്കാത്തിന്റെ പുണ്യം തേടി ഹൈന്ദവ കുടുംബം . തൊയക്കാവ് കൊപ്രകളത്തിൽ വീട്ടിൽ സിദ്ധാർഥന്റെ കുടുംബമാണ് ജാതിമത ഭേദമന്യേ സക്കാത്ത് വിതരണം ചെയ്തു ഇരുപത്തിയേഴാം രാവിന്റെ പുണ്യം പങ്കിട്ടത്.
മുപ്പതിലേറെ വർഷമായി ഗൾഫിലുള്ള സിദ്ധാർഥൻ സന്പത്തിന്റെ ഒരു വിഹിതം റംസാൻ നാളുകളിൽ പാവപ്പെട്ടവർക്കായി വർഷങ്ങളായി വിതരണം ചെയ്യാറുണ്ട്. ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠമാണ് റംസാനിലെ ഇരുപത്തിയേഴാം രാവെന്നും, ഈനാളുകളിലെ സത്കർമങ്ങൾക്ക് പലമടങ്ങു പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെയാണ് സിദ്ധാർഥനും കുടുംബവും സക്കാത്ത് വിതരണത്തിന് ഈദിനം തന്നെ തെരഞ്ഞെടുക്കുന്നത്.
ഇത്തവണ നൂറ്റിയന്പത് ചാക്ക് അരിയാണ് സക്കാത്തിനു വിതരണം ചെയ്തത്. രണ്ടായിരത്തോളം പേർ അരിവാങ്ങുവാനായി എത്തിയിരുന്നു. രാവിലെ ഏഴോടെ ആരംഭിച്ച അരിവിതരണം ഉച്ചതിരിഞ്ഞു മൂന്നുവരെ തുടർന്നു. ഇത്തവണ സിദ്ധാർത്ഥൻ സ്ഥലത്തില്ലാതിരുന്നതിനാൽ സഹോദര ഭാര്യ അനുപമ ഉണ്ണികൃഷ്ണനും മകൻ വിഷ്ണുവുമാണ് സക്കാത്ത് വിതരണത്തിന് നേതൃത്വം നൽകിയത്.