കൽപ്പറ്റ: യുവതിയെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ട സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകി. വൈത്തിരി ചുണ്ടേൽ ഒലിവുമല കെടങ്ങൂക്കരാൻ ജോണ് എന്ന ഷാജിയാണ് ഭാര്യ സക്കീന അബൂബക്കറിന്റെ മരണത്തിൽ വിശദാന്വേഷണത്തിനു പരാതി നൽകിയത്. സക്കീന ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊല്ലപ്പെടുകയായിരുന്നുവെന്നു സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.
ജോലി വാഗ്ദാനം ചെയ്തു സൗഹൃദം സ്ഥാപിച്ച വൈത്തിരി സ്വദേശിയായ രാഷ്ട്രീയ നേതാവ് സക്കീനയെ ഭീഷണിപ്പടുത്തിയിരുന്നതായും പരാതിയിലുണ്ട്. ഒക്ടോബർ 21നു രാത്രിയാണ് സക്കീനയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ബസ് ഡ്രൈവറായ ജോണ് രണ്ടര വർഷം മുന്പ് സ്പഷൽ മാര്യേജ് ആക്ട് പ്രകാരമാണ് സക്കീനയെ വിവാഹം ചെയ്തത്. തുടർന്നു പൂക്കോട് നരിക്കോടുമുക്കിൽ വാടകയ്ക്കു താമസിച്ചുവരുന്നതിനിടെയായായിരുന്നു സക്കീനയുടെ മരണം.
സക്കീനയുടെ മരണത്തിൽ സംശയമുണ്ടന്നു ഇൻക്വസ്റ്റ് സമയത്തു പോലീസിനെ അറിയിച്ചിരുന്നു. സാഹചര്യങ്ങളാണ് സംശയത്തിനു കാരണമായത്. വീട്ടിലെത്തിയപ്പോൾ സക്കീനയുടെ ഫോണ് ചാർജ് ചെയ്യാൻ വച്ച നിലയിലായിരുന്നു. 25 മിസ്ഡ് കോളുകളാണ് ഫോണിൽ ഉണ്ടായിരുന്നത്. എല്ലാ മുറികളിലും ലൈറ്റ് ഇട്ടിരുന്നു. രാവിലെ വച്ച ചോറ് രാത്രി കഴിക്കാനായി തിളപ്പിച്ചു വാർത്തിരുന്നു.
മോര് കറിവച്ചിരുന്നു. ഇതെല്ലാം സക്കീനയുടേത് ആത്മഹത്യയല്ലെന്ന സൂചനയാണ് നൽകുന്നത്. ജോലി വാഗ്ദാനം ചെയ്ത രാഷ്ട്രീയ പ്രവർത്തകനെ പലതവണ കണ്ടതായി സക്കീന പറഞ്ഞിട്ടുണ്ട്. ഇയാൾക്കൊപ്പം കോഴിക്കോട്, ബത്തേരി, തൃശൂർ എന്നിവിടങ്ങളിൽ സക്കീന പോയതായും അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു.
സക്കീന ഉപയോഗിച്ചിരുന്ന ഫോണ് നന്പരിലേക്ക് രാഷ്ട്രീയ പ്രവർത്തകൻ നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നു. ഇതേത്തുടർന്നു മാറ്റിയ സിംകാർഡാണ് സക്കീനയുടെ ഫോണിൽ ഉണ്ടായിരുന്നത്. ഇംഗിതത്തിനു വഴങ്ങിയില്ലെങ്കിൽ വച്ചേക്കില്ലെന്നു രാഷ്ട്രീയ നേതാവ് ഭീഷണിപ്പെടുത്തിയതായി സക്കീന പൂക്കോട് ഫാമിൽ ജോലിയുള്ള സ്നേഹിതയോടു പറഞ്ഞതായും അന്വേഷണത്തിൽ മനസിലായി.