കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ സിപിഎം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് ഇന്നു കീഴടങ്ങിയേക്കും. പാര്‍ട്ടിയില്‍ നിന്നുള്ള പിന്തുണ കുറയുന്നതാണ് സക്കീര്‍ ഹുസൈനെ ഇന്നു കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ഇന്നലെ രാവിലെ കീഴടങ്ങിയേക്കുമെന്ന് സക്കീര്‍ ഹുസൈനോട് അടുത്ത വൃത്തങ്ങള്‍ സൂചന നല്‍കിയെങ്കിലും അതുണ്ടായില്ല. എന്നാല്‍, ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സക്കീര്‍ ഹുസൈന് കീഴടങ്ങണമെന്ന് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു.
കുറ്റാരോപണത്തിനു വിധേയരായവര്‍ നിയമത്തിനുമുന്നില്‍ കീഴടങ്ങണമെന്നാണ് കോടിയേരി പറഞ്ഞത്. തിങ്കളാഴ്ച സക്കീര്‍ ഹുസൈനെ അനുകൂലിച്ച് സംസാരിച്ച കളമശേരി ഏരിയ സെക്രട്ടറിയുടെ താത്കാലിക ചുമതലവഹിക്കുന്ന ടി.കെ.മോഹനനും ഇന്നലെ നിലപാട് മാറ്റിയിരുന്നു.
അതേസമയം, പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ തനിക്കെതിരേ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന സംശയവും സക്കീറിനുണ്ട്. ഒളിവിലായിരുന്ന സമയത്തു പോലും പല തവണ പാര്‍ട്ടി ഓഫീസില്‍ എത്തിയിട്ടും പോലീസും മാധ്യമങ്ങളും അറിഞ്ഞിരുന്നില്ല. എന്നാല്‍, കഴിഞ്ഞ ദിവസം സക്കീര്‍ ഹുസൈന് പാര്‍ട്ടി ഓഫീസില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളും പോലീസും വളഞ്ഞതും സക്കീറിനെ ഇത്തരത്തില്‍ ചിന്തിപ്പിക്കുന്നു എന്നാണ് സൂചന.
സംസ്ഥാനത്തെ ഒരു സ്റ്റേഷനിലും കേസില്ലെന്ന് ഉറപ്പുലഭിക്കാത്തതിനാലാണ് കീഴടങ്ങാത്തതെന്നും വിവരമുണ്ട്. വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കോടതിയില്‍ നിന്നു ജാമ്യം കിട്ടിയാലും മറ്റു കേസുണ്ടെങ്കില്‍ അതിന്റെ പേരില്‍ പോലീസ് കുടുക്കുമെന്ന് സക്കീര്‍ ഭയക്കുന്നു.
ഈ കേസില്‍ പോലീസില്‍ കീഴടങ്ങിയാല്‍ വൈകുന്നേരം കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, കീഴടങ്ങാന്‍ കോടതി ഏഴുദിവസം സമയം നല്കിയിട്ടുള്ളതിനാല് അതിനുള്ളില്‍ മറ്റു കേസുകളില്ലെന്ന് ഉറപ്പുവരുത്തിയിട്ട് കീഴടങ്ങാനും സക്കീറിനു പദ്ധതിയുണ്ട്. കോടതിയില്‍ നിന്നു സക്കീറിന് കീഴടങ്ങാന്‍ സമയം കൊടുത്തിട്ടുള്ളതിനാല്‍ അതിനുള്ളില്‍ കീഴടങ്ങിയി ല്ലെങ്കില്‍ മാത്രമേ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളുവെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.