ഒറ്റപ്പാലം : സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതി നഗരസഭാ കൗണ്‍സിലർ.ഒറ്റപ്പാലം നഗരസഭയിൽ സാക്ഷരതാ മിഷൻ നടത്തിയ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാനാണ് നഗരസഭ കൗണ്‍സിലർ സുരേഷ് കുമാർ എത്തിയത്.
ജീവിത പ്രാരാബ്ധങ്ങളിൽ അക്ഷരങ്ങളിൽ നിന്ന് അകന്നു പോയ സുരേഷ് കുമാർ തന്റെ അന്പത്തിരണ്ടാം വയസിലാണ് അക്ഷരലോകത്തേക്ക് വീണ്ടും എത്തുന്നത്.
ആറാം ക്ലാസ് വരെ മാത്രം പഠിച്ച സുരേഷ് കുമാർ ജീവിത പ്രയാസങ്ങളിൽ പഠനം നിർത്താൻ നിർബദ്ധിതനാവുകയായിരുന്നു.
പത്താം വയസിലാണ് അച്ചന്റെ കൈ പിടിച്ച് കൃഷി പണിയിലേക്ക് ഇറങ്ങുന്നത്. പിന്നീട് വിവിധ തൊഴിലുകൾ ചെയ്ത സുരേഷ് കുമാർ കുടുംബത്തിന്റെ ഏക വരുമാനം ആവുകയായിരുന്നു.
പെയിന്റിംഗ്, കണ്‍സ്ട്രക്ഷൻ, മരംവെട്ട്, പപ്പടം പണി, കൃഷി പണി തുടങ്ങി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്താനുള്ള ഏത് പണിയും സുരേഷ് കുമാർ എടുക്കുമായിരുന്നു.
അക്കാലത്ത് വീട്ടിലെ ആരും തന്നെ, സ്കൂളിൽ പോകണമെന്നോ, പഠിക്കണമെന്നോ നിർബദ്ധിച്ചിരുന്നില്ല. ഇരുപത്തി ഒന്നാം വയസിലായിരുന്നു വിവാഹം.
നന്നായി പത്രം വായിക്കുകയും നല്ല കയ്യക്ഷരത്തിൽ എഴുതുകയും ചെയ്യാറുള്ള സുരേഷ് കുമാറിനെ ഭാര്യയും, അംഗനവാടി ടീച്ചറുമായ ശോഭന പഠിക്കാൻ പ്രോത്സാഹിപ്പിക്കുമായിരുന്നു.
മക്കളുടെ പഠനവും വായനയും എഴുത്തുമൊക്കെ സുരേഷിനെ വല്ലാതെ ആകർഷിച്ചിരുന്നു. പഠിക്കണം എന്ന ചിന്ത മനസിൽ കൊണ്ടു നടന്ന സുരേഷിന് അതൊരു പ്രചോദനമായി.
സുരേഷ് കുമാറിന്റെ ആഗ്രഹം അറിഞ്ഞ നഗരസഭയിലെ സാക്ഷരതാ പ്രേരക് സുബിത, അക്ഷര ലോകത്തേക്ക് സുരേഷ് കുമാറിന് വഴികാട്ടുകയായിരുന്നു.
ഏഴാം തരത്തിൽ പ്രവേശനം നേടിയ സുരേഷ് കുമാറിന് പുസ്തകം എത്തിച്ചു നല്‍കുകയും അവധി ദിനങ്ങളിൽ ക്ലാസ് നല്‍കാനും സുബിത മറന്നില്ല.
ഒരു വർഷത്തെ പഠനത്തിനു ശേഷം ഇന്നലെയും ഇന്നുമായി ആറ് വിഷയങ്ങളിൽ സുരേഷ് കുമാർ സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യതാ പരീക്ഷ എഴുതുകയും ചെയ്തു.
21 വർഷത്തിലധികമായി ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്ന സുരേഷ് കുമാർ, വരോട് ക്ഷീര വികസന സോസൈറ്റിയുടെ പ്രസിഡന്റു കൂടിയാണ്.
ഒറ്റപ്പാലം നഗരസഭയിലെ മൂന്നാം വാർഡ് കൗണ്‍സിലർ ആയ കെ.സുരേഷ്കുമാറിന് ഏഴാംതരത്തിനു ശേഷം സാക്ഷരതാ മിഷന്റെ പത്താംതരവും പ്ലസ്ടുവും പഠിക്കണം എന്നാണ് ആഗ്രഹം.
കൗണ്‍സിലർ ഫാത്തിമത്ത് സുഹറ പരീക്ഷാകേന്ദ്രം സന്ദർശിച്ചു. നോഡൽ പ്രേരക് അരുണ, പാലപ്പുറം തുടർ വിദ്യാകേന്ദ്രം പ്രേരക് വി.കെ. സുശീല, ഒറ്റപ്പാലം തുടർവിദ്യാകേന്ദ്രം പ്രേരക് സുബിത എന്നിവർ ഏഴാം തരം തുല്യതാ പരീക്ഷക്ക് നേതൃത്വം നല്കി.