ജിജി ലൂക്കോസ്
തിരുവനന്തപുരം: സർക്കാർ ഭൂമി കൈയേറി സംസ്ഥാന സാക്ഷരത മിഷൻ. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലം കൈയേറിയാണ് സംസ്ഥാന സാക്ഷരതാ മിഷന്റെ ആസ്ഥാന മന്ദിരം നിർമിച്ചതെന്നു തിരുവനന്തപുരം നഗരസഭ കണ്ടെത്തി.
നഗരസഭ നൽകിയ കെട്ടിട നിർമാണ അനുമതിയിലും സാക്ഷരത മിഷൻ ഗുരുതരമായ ക്രമക്കേട് നടത്തിയതായും നഗരസഭ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അയച്ച കത്തിൽ പറയുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വഞ്ചിയൂർ പേട്ടയിലുള്ള ഒരേക്കർ 40 സെന്റ് സ്ഥലത്തിൽ 16 സെന്റിൽ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായാണ് സാക്ഷരത മിഷന് അനുവാദം നൽകിയിരുന്നത്.
എന്നാൽ, 43 സെന്റ് കൈയേറി കെട്ടിടം നിർമിച്ചെന്നാണ് നഗരസഭയുടെ കണ്ടെത്തൽ. 16 സെന്റിൽ 7000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിക്കാനുള്ള അനുമതിയിന്മേൽ 13,654 ചതുരശ്ര അടിയിൽ കെട്ടിടം പണികഴിപ്പിച്ചെന്നും നഗരസഭ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടം നിർമിക്കുന്നതിനായി നഗരസഭയുടെ മുൻകൂർ അനുമതി തേടണമെന്നിരിക്കേ അതിനുള്ള നടപടികൾ സജീവമാക്കിയത് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയതിനു ശേഷമാണ്. 2018 മേയിൽ നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ പണി ഏതാണ്ട് പൂർത്തിയായതിനു ശേഷം 2019 മാർച്ച് 30നാണ് അനുമതിക്കായി പുതുക്കിയ അപേക്ഷ നൽകിയത്.
ഈ അപേക്ഷയിൽ കെട്ടിടം നിർമാണം 7000 ചതുരശ്ര അടിയിലാണെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, അപേക്ഷയ്ക്കൊപ്പം ഹാജരാക്കിയിരുന്ന പ്ലാനിൽ 43 സെന്റ് (18720 ചതുരശ്ര അടി) രേഖപ്പെടുത്തിയിരുന്നതു ചൂണ്ടിക്കാട്ടി നഗരസഭ 2019 ഓഗസ്റ്റിൽ സാക്ഷരത മിഷൻ ഡയറക്ടറോടു വിശദീകരണം തേടി.
ഇതിനു തൃപ്തികരമായ വിശദീകരണം നൽകാനോ അപാകതകൾ പരിഹരിക്കാനോ സാക്ഷരത മിഷൻ തയാറായില്ല. 7000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ വിശദമായ സ്കെച്ചും ഹാജരാക്കിയില്ല.
ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ട് അസിസ്റ്റൻഡ് എക്സിക്യുട്ടീവ് എഞ്ചിനീയർ സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകലയ്ക്കു നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, അംഗീകാരം ലഭ്യമാക്കാതെ കെട്ടിട നിർമാണം പൂർത്തിയാക്കുകയും സാക്ഷരതാ മിഷൻ ആസ്ഥാനത്തെ പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
സാക്ഷരതാ മിഷൻ ആസ്ഥാന മന്ദിരം നിർമിക്കുന്നതിനായി സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ടെ ങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശവും കൈവശാവകാശവും പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നു മാറ്റിയിട്ടില്ല.
ആസ്ഥാന മന്ദിരം നിലനിൽക്കുന്ന സ്ഥലത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുസ്തക ഡിപ്പോ ആയിരുന്നു ഉണ്ട ായിരുന്നത്. ഈ കെട്ടിടം പൊളിച്ചപ്പോൾ ഉണ്ട ായിരുന്ന സാധന സാമഗ്രികൾ അനധികൃതമായി കടത്തിയതാണെന്നും ആരോപണമുയർന്നിട്ടുണ്ട ്.