അനുമോൾ ജോയ്
കണ്ണൂര്‍: സാക്ഷരത പ്രേരക്മാരെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍ വിന്യാസിക്കാൻ ഓർഡർ വന്നിട്ടും നിയമനം നടത്താൻ വൈകുന്നതായി ആരോപണം. സെപ്റ്റംബർ 23 നാണ് പ്രേരക്മാരെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഓർഡർ വന്നത്.
എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും നിയമനം നടത്തിയിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പ്രേരകുമാര്‍ നിസഹകരണ സമരത്തിലാണ്. ഇതുകൊണ്ട് തുല്യതാ രജിസ്ട്രേഷന് നാലിലൊന്ന് മാത്രമാണ് നടക്കുന്നത്.
ഒരു വര്‍ഷത്തിനിടെ ചര്‍ച്ച നടന്നത് ഒരു തവണ മാത്രമാണ്. ജൂൺ മുതൽ ഇവരുടെ ശന്പളവും മുടങ്ങിയിരിക്കുകയാണ്. ഓണത്തിന് ലഭിച്ചത് മേയ് മാസത്തെ വേതനമാണ്. അതും മുഴുവനായി ലഭിച്ചില്ല.
ഓണം അലവന്‍സായി ആയിരം രൂപ ലഭിച്ചു. നേരത്തെയുണ്ടായിരുന്ന ഉത്സവബത്തയും ഇല്ലാതായി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുനർ നിയമനം നടത്തുന്നതിന് മുന്‍പ് സെപ്റ്റംബർ മാസം വരെയുള്ള ശന്പളം സാക്ഷരത മിഷനും പിന്നീട് തദ്ദേശ സ്ഥാപനങ്ങളും നൽകുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ ഓഡർ വന്നതല്ലാതെ ശന്പള കുടിശിക തീർത്തിട്ടില്ലെന്ന് മാത്രമല്ല നിയമനവും നടന്നിട്ടില്ല. 2022 മാര്‍ച്ചില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം പ്രേരക്മാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിക്കാനും വിഷയം പഠിക്കുന്നതിന് മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളിലേക്ക് പ്രേരക്മാരെ നിയമിക്കാൻ ഓർഡർ വന്നത്.
അവഗണന തുടർക്കഥ
സാക്ഷരത-തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് 1998ല്‍ സംസ്ഥാനത്ത് തുടര്‍വിദ്യാകേന്ദ്രങ്ങള്‍ ആരംഭിക്കുകയും ഇതിന്റെ ചുമതലക്കാരായി സാക്ഷരതാ പ്രേരക്മാരെ നിയമിക്കുകയും ചെയ്തത്.
പ്രേരകുമാര്‍ക്ക് വേതനം മുടങ്ങുന്നത് സാക്ഷരതാ മിഷനില്‍ തുടര്‍ക്കഥയാണ്. സംസ്ഥാനത്ത് ഇപ്പോള്‍ 1776 പ്രേരക്മാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്നുണ്ട്. പത്താം ക്ലാസ് മുതല്‍ പിജിവരെ വിദ്യാഭ്യാസമുള്ളവരാണ് പ്രേരക്മാര്‍.
തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങളിലും പ്രേരക്മാര്‍ സജീവമാണ്. എന്നാല്‍ ഒരു വര്‍ഷമായി നിസഹകരണ സമരത്തെ തുടര്‍ന്ന് സാക്ഷരതാ മിഷന്റെ പുതിയ പരിപാടികളുമായി പ്രേരകുമാര്‍ സഹകരിക്കുന്നില്ല.
എന്നാൽ, ഇപ്പോൾ നടന്ന നാല്, ഏഴ് ക്ലാസുകളുടെ തുല്യതാപരീക്ഷകളിൽ പ്രേരക്മാർ സഹകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂ ഇന്ത്യാ ലിറ്റററി പ്രോഗ്രാമിന്റെ പരിപാടികളും സംസ്ഥാനത്ത് നടക്കുന്നില്ല. ഇനിയും എഴുതാനും വായിക്കാനും അറിയാത്തവരെ അതിന് പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചത്.
സാക്ഷരത തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തങ്ങളോടൊപ്പം പരിസ്ഥിതി സാക്ഷരത, ദുരന്തനിവാരണം, ലഹരി ബോധവത്കരണം, ഭരണഘടനാ സാക്ഷരത, സ്ത്രീധന നിരോധന ബോധവത്കരണം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പ്രേരക്മാര്‍ ചെയ്തു വരുന്നുണ്ടെങ്കിലും അതും ഇപ്പോള്‍ മുടങ്ങിയിരിക്കുകയാണ്.
ഈ വര്‍ഷം പത്താം ക്ലാസ്, പ്ലസ്ടു രജിസ്ട്രേഷന് നടന്നത് സാധാരണ നടക്കുന്നതിന്റെ 25 ശതമാനം മാത്രമാണ്. ആവശ്യത്തിന് രജിസ്ട്രേഷനില്ലാത്തതിനാല്‍ വീണ്ടും തിയതി നീട്ടിയിരിക്കുകയാണ്.
സ്ഥിരനിയമനമില്ല, വേതനം തുച്ഛം
സാക്ഷരതാ പ്രേരകുമാരെ ഇന്നും സ്ഥിരപ്പെടുത്താതെ കഴിയുകയാണ്. സമാന രീതികളില്‍ പ്രവര്‍ത്തിക്കുന്ന പല വിഭാഗങ്ങളെയും പത്ത് വര്‍ഷം ജോലി ചെയ്താല്‍ സ്ഥിരപ്പെടുത്തുമ്പോഴാണ് പ്രേരകുമാരോട് അനീതി തുടരുന്നതെന്നാണ് ഇവർ പറയുന്നത്.
പലരും മുന്നൂറ് രൂപ വേതനം വാങ്ങി ജോലി തുടങ്ങിയവരാണ്. ഇന്ന് ലഭിക്കുന്നത് ആറായിരം രൂപയും അതിനടുത്തുമാണ്. 101 പഠിതാക്കള്‍ എന്ന ടാര്‍ഗറ്റ് തികച്ചെങ്കില്‍ മാത്രമാണ് ഈ വേതനം തന്നെ ലഭിക്കുകയുള്ളൂ.