ഒമർ ലുലു ചിത്രം ധമാക്കയിൽ നടൻ മുകേഷിനെ ശക്തിമാനാക്കി ചിത്രീകരിച്ചതിൽ പരാതിയുമായി ബോളിവുഡ് നടൻ മുകേഷ് ഖന്ന രംഗത്തെത്തിയിരുന്നു. തന്റെ അനുമതിയില്ലാതെയാണ് സംവിധായകൻ ഈ നീക്കം നടത്തിയതെന്നും സിനിമയിലെ ശക്തിമാന്റെ രംഗങ്ങൾ പിൻവലിക്കണമെന്നും ഫെഫ്ക് പ്രസിഡന്റ് രണ്ജി പണിക്കർക്ക് നൽകിയ പരാതിയിൽ അദ്ദേഹം വ്യക്തമാക്കി.
ഇപ്പോഴിത മുകേഷ് ഖന്നയോട് ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പേജിൽ കൂടിയാണ് ഒമർ ലുലു ഖേദപ്രകടനം നടത്തിയത്.
“സാർ, എന്റെ പുതിയ ചിത്രം ധമാക്കയിൽ ശക്തിമാനെ ചിത്രീകരിച്ചതിൽ താങ്കൾക്കുള്ള പരാതിയെക്കുറിച്ച് ഫെഫ്കയിൽ നിന്നും എനിക്ക് അറിവ് ലഭിച്ചു. ശക്തിമാന്റെ വേഷത്തിന്റെയും തീം മ്യൂസിക്കിന്റെയും പകർപ്പവകാശം താങ്കൾക്ക് മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു.
ഇതെല്ലാം താങ്കളുടെ അനുവാദമില്ലാതെ ഞാൻ എന്റെ സിനിമയിൽ ഉപയോഗിക്കരുതായിരുന്നു. ഇതിൽ താങ്കൾക്ക് നേരിട്ട ബുദ്ധിമുട്ടിന് ഞാൻ ആത്മാർഥമായി മാപ്പ് പറയുന്നു. ദക്ഷിണേന്ത്യൻ സിനിമകളിൽ സൂപ്പർഹീറോകളെ ചിത്രീകരിക്കുന്നത് സാധാരണമാണ്. അത്കൊണ്ട് പകർപ്പവകാശത്തെക്കുറിച്ച് ഞാൻ ചിന്തിച്ചില്ല’.
“സിനിമയുടെ തുടക്കത്തിൽ ശക്തിമാന് ക്രെഡിറ്റ് നൽകുവാൻ തീരുമാനിച്ചതാണ്. ധമാക്കയിൽ മുകേഷ് ശക്തിമാന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നില്ല. പ്രായമേറിയ മുകേഷിന്റെ കഥാപാത്രം പത്ത് സെക്കൻഡ് തനിക്ക് അതിമാനുഷിക ശക്തി ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് ഈ രംഗം’.
“ആദ്യം സൂപ്പർമാനെ ചിത്രീകരിക്കുവാനാണ് തീരുമാനിച്ചത്. എന്നാൽ ഞങ്ങളുടെയെല്ലാം ചെറുപ്പകാലത്തെ ഏറെ പ്രചോദിപ്പിച്ച ശക്തിമാനെ ഉൾപ്പെടുത്തുവാൻ ഞാനാണ് നിർദ്ദേശിച്ചത്. എന്റെ ക്ഷമാപണം താങ്കൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവാദങ്ങളും അവസാനിക്കുമെന്ന് കരുതുന്നു. സോറി ശക്തിമാൻ’. ഒമർലുലു കുറിച്ചു.