തൃശൂർ: ശംഖുപുഷ്പം കണ്ണെഴുതുന്പോൾ… ശകുന്തളയെ മാത്രമല്ല ഇനി ഓർമവരിക. നിറവും മണവും രുചിയുമുള്ള അസൽ ചായ കൂടിയാണ്.
വയലേലകൾ തഴുകിവരുന്ന കാറ്റേറ്റ് കാഞ്ഞാണി പെരുന്പുഴ പാതയോരത്തിരുന്നു ഗുണവുമേറെയുള്ള ഈ ചായ നുകരാം.
പല നിറത്തിലുള്ള 21 ഇനം പ്രകൃതിദത്ത ചായകൾ. എറവ് സ്വദേശിനിയും ബികോം ബിരുദധാരിയുമായ സജിതയുടെ ചെറിയ മക്കാനിയിലാണ് ചായകളുടെ വിസ്മയലോകം.
കടയിലെ വയലറ്റ്, ചുവപ്പ്, പർപ്പിൾ, പച്ച ചായകൾ ആരോഗ്യദായകമാണ്. ശംഖുപുഷ്പമിട്ടാണ് ആന്റി ഓക്സിഡന്റുകൾ ധാരാളമടങ്ങിയ വയലറ്റ് ചായ തയാറാക്കുന്നത്.
ത്വക്കിന് ഏറെ ഗുണകരം. ചെന്പരത്തിയിട്ട ചുവപ്പുചായ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് അത്യുത്തമം.
ഇഞ്ചിയും നാരങ്ങയും പുതിനയുമടങ്ങിയ ചായകളുടെ ഗുണങ്ങൾ പറയേണ്ടല്ലോ. രഹസ്യക്കൂട്ടുകളടങ്ങിയ ചില ചായകളുമുണ്ട്. അതാണീ വീട്ടമ്മയുടെ കൈപ്പുണ്യത്തിന്റെ സ്വാദ്.
കുളിർമയേകുന്ന ശീതളപാനീയങ്ങളിലുമുണ്ട് രുചിവൈവിധ്യം. ലേറ്റസ്റ്റ് ട്രെൻഡിംഗ് ആയ മിന്നൽ ഡ്രിങ്ക്്, നോനി സർബത്ത്, കുടംകലക്കി സർബത്ത്, നെല്ലിക്ക കാന്താരി സർബത്ത് തുടങ്ങിയവ.
അക്കൗണ്ടന്റായിരുന്ന സജിതയ്ക്കു കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടപ്പോഴാണ് മാസങ്ങൾക്കുമുന്പ് ചായക്കട തുടങ്ങിയത്.
സ്വർണ ഡൈ കടയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് കണക്കന്ത്ര ജിജുവിനും ജോലി നഷ്ടപ്പെട്ടു. ഇരുവരും ചായക്കടയിൽ സജീവം.
വ്യത്യസ്തമായി എന്തെങ്കിലുമെന്നു കരുതിയാണ് നിറക്കൂട്ടുകളുടെ ചായകൾ തയാറാക്കിയത്. ഇതാകുന്പോൾ രോഗാവസ്ഥയിലുള്ള മകനു കൂട്ടുമാകും.
തലച്ചോറിലെ ഞരന്പുകളിൽ സുഷിരങ്ങളുണ്ടായി പേശികൾക്കു ബലക്കുറവുള്ള അവസ്ഥയിലാണ് മകൻ ആദിത്യൻ. പരയ്ക്കാട് എയുപി സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയാണ്.
മകൾ അവന്തിക എറവ് ടിഎഫ്എം സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനി. കുടുംബസമേതം എറവ് ദീപശിഖ റോഡിലാണു താമസം.
പെരുന്പുഴ വഴി പോകുന്പോൾ സജിതയുടെ ചായക്കടയിലെ നിറങ്ങളിൽ കണ്ണുടക്കിയാൽ മടിക്കേണ്ട, ചൊടിയുള്ള ചായകുടിച്ച് ഉഷാറാകാം.
ടി.എ. കൃഷ്ണപ്രസാദ്