കൊച്ചി: എറണാകുളം കുന്പള്ളത്തു വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തിരിച്ചറിഞ്ഞതോടെ മരിച്ച ശകുന്തളയുടെ മകളെ കോടതി അനുമതി ലഭിച്ചാലുടൻ നുണ പരിശോധനക്കു വിധേയമാക്കാൻ പോലീസ്. കൊലപാതകത്തിനു പിന്നിൽ ഇവർക്കു പങ്കുണ്ടോയെന്നതു സംബന്ധിച്ചും മൊഴികളിലെ വൈരുദ്ധ്യവുമാണു പോലീസ് അന്വേഷിക്കുന്നത്.
കൊലപാതകം നടത്തിയതു എറണാകുളം ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എസ്പിസിഐ ഇൻസ്പെക്ടർ ആയി ജോലി ചെയ്തുവന്നിരുന്ന എരൂർ സ്വദേശി ടി.എം. സജിത്താണെന്നും (34) ശകുന്തളയുടെ മകളുമായി ഇയാൾ പുലർത്തിയിരുന്ന ബന്ധം ശകുന്തള പുറത്തറിയിക്കുമെന്ന സംശയമാണു കൊലപാതകത്തിൽ കലാശിച്ചതെന്നുമാണു പോലീസ് കണ്ടെത്തിയത്. ഇയാളെകൂടാതെ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും അന്വേഷിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി എട്ടിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നുമാണു ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയുടെ അസ്ഥികൂടം ലഭിച്ചത്. നിരവധി അന്വേഷണങ്ങൾക്കുശേഷമാണു മരിച്ചത് ശകുന്തളാണെന്നും ഇവരുടെ മകളുടെ കാമുക
നാണു കൊലപാതകിയെന്നും പോലീസ് കണ്ടെത്തിയത്. അസ്ഥികൂടം കണ്ടെത്തിയതിന്റെ പിറ്റേന്നു വീടിനുള്ളിൽ സജിത്തിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയും ചെയ്തത്. ഭാര്യാഭർത്താക്കൻമാരെ പോലെ കഴിഞ്ഞുവന്നിരുന്ന ഇവരുടെ ബന്ധത്തിൽ ശകുന്തള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ഇവരുടെ ബന്ധത്തെ എതിർത്തിരുന്ന ശകുന്തള സജിത്തിന്റെ ഭാര്യയോടും മാതാപിതക്കളോടും ഇക്കാര്യം പറയുമെന്നു ഭീഷണിപ്പെടുത്തി. ഇതിനിടെയാണു ശകുന്തളയ്ക്കു സ്കൂട്ടർ അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്ക് പറ്റി കാലിൽ ഓപ്പറേഷൻ നടത്തി വീട്ടിൽ വിശ്രമിക്കുന്നതിനിടെ സജിത്തിന്റെ പേരു പറഞ്ഞു ശകുന്തളയും മകളും നിരന്തരം കലഹിച്ചു. ഈ സമയത്തു ശകുന്തളയ്ക്കു ചിക്കൻപോക്സും പിടിപെട്ടു.
ഇതോടെ ബാധ്യതയായ ശകുന്തളയെ ഇല്ലാതാക്കാൻ സജിത്ത് പ്ലാനിട്ടു. മകളെ അടുത്തുള്ള ലോഡ്ജ് മുറിയിലേക്കു മാറ്റിയ സജിത്ത് ശകുന്തളയെ കോട്ടയത്തുള്ള അവരുടെ ബന്ധുവീട്ടിൽ കൊണ്ടാക്കാൻ പോകുകയാണെന്നു നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു.
തുടർന്നു വീട്ടിൽ തനിച്ചായിരുന്ന ശകുന്തളയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. സജിത്തിന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിയാവുന്ന ഓട്ടോറിക്ഷ ഡ്രൈവർ മുഖാന്തിരമാണു വീപ്പ സംഘടിപ്പിച്ചത്. വീപ്പയ്ക്കുള്ളിൽ മൃതദേഹം വച്ചു കോണ്ക്രീറ്റ് ചെയ്തശേഷം ദിവസങ്ങളോളം വീപ്പ വീട്ടിൽ സൂക്ഷിച്ചു.
പിന്നീടു ക്ലീനിംഗ് ജോലി ചെയ്യുന്ന അഞ്ചു തൊഴിലാളികളെ ഉപയോഗിച്ചു വീപ്പ കായലിൽ തള്ളി. മൃഗങ്ങളുടെ അസ്ഥിയും തലയോട്ടിയുമാണു വീപ്പയ്ക്കുള്ളിലെന്നാണു സജിത്ത് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഇവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും വീപ്പയ്ക്കുള്ളിൽ മൃതദേഹമായിരുന്നുവെന്ന് അറിയില്ലായിരുന്നെന്നും ഇറിഡിയം എന്ന ലോഹം ഉണ്ടാക്കാൻ ശ്രമിച്ചതിന്റെ അവശിഷ്ടങ്ങളാണെന്നാണു പറഞ്ഞിരുന്നതെന്നുമാണു മൊഴി നൽകി.
ഇതു സത്യമാണോയെന്നും കൊലപാതകം സംബന്ധിച്ച് മകൾക്ക് ഏതെങ്കിലും തരത്തിൽ അറിവുണ്ടോയെന്നതും അന്വേഷണത്തിലാണെന്നു അധികൃതർ പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മകൾക്ക് അറിയാമെന്ന നിഗമനത്തിൽതന്നെയാണു പോലീസ്. നുണ പരിശോധനയ്ക്കു അനുമതി ലഭിക്കുന്നതിന് എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അധികൃതർ അപേക്ഷ നൽകിയിട്ടുണ്ട്.