കൊച്ചി: എറണാകുളം കുന്പള്ളത്ത് വീപ്പയ്ക്കുള്ളിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ ഘാതകനെ തിരിച്ചറിഞ്ഞു. ദുരൂഹ സാഹചര്യത്തിൽ മരിച്ച എരൂർ സ്വദേശിയും എസ്പിസിഎ ഇൻസ്പെക്ടറുമായിരുന്ന ടി.എം. സജിത്താണു കൊലപാതകത്തിനു പിന്നിലെന്നും വീപ്പ കായലിൽ തള്ളാൻ സഹായിച്ചത് അഞ്ചംഗ സംഘമാണെന്നും പോലീസ് രാഷ്ട്രദീപികയോടു പറഞ്ഞു.
മരിച്ചത് ഉദയംപേരൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന വൈക്കം സ്വദേശിനി ശകുന്തളയാണെന്നു തിരിച്ചറിച്ച പോലീസ് ഇവരുടെ മകൾ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തു. സജിത്തും ശകുന്തളയുടെ മകളുമായുമുണ്ടായിരുന്ന ബന്ധം ഇവർ അറിഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പോലീസ് പറയുന്നത്.
ഇതിൽ വ്യക്തതവരുത്തുന്നതിനായും കൊലപാതകത്തിനു പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നു കണ്ടെത്തുന്നതിനായും പോലീസ് കൂടുതൽപേരെ ചോദ്യം ചെയ്തുവരികയാണ്. സജിത്തിന്റെ സുഹൃത്തുക്കളായ അഞ്ചംഗ സംഘമാണു വീപ്പ കായലിൽ തള്ളിയതെന്നു സ്ഥിരീകരിച്ചു.
എന്നാൽ, ഇതിൽ ചില ലോഹങ്ങളാണെന്നാണു സജിത്ത് പറഞ്ഞിരുന്നതെന്നും മൃതദേഹമായിരുന്നുവെന്നു അറിവില്ലെന്നുമാണു സംഘം പോലീസിനു നൽകിയിരിക്കുന്ന മൊഴി. എന്നാൽ, ഇതു പൂർണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
അതേസമയം, ശകുന്തളയുടെ മകളെ ഇന്നലെയും പോലീസ് മണിക്കൂറുകൾ ചോദ്യം ചെയ്തു. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇവർക്ക് അറിയാമെന്ന നിഗമനത്തിൽതന്നെലാണു പോലീസ്.
കൂടാതെ മൊഴികളിൽ വൈരുദ്ധ്യം തിരിച്ചറിഞ്ഞതോടെ ഇവരെ നുണ പരിശോധനയ്ക്കു വിധേയമാക്കുവാനും പോലീസ് തീരുമാനിച്ചു. നുണ പരിശോധനയ്ക്കു അനുമതി ലഭിക്കുന്നതിനു ഇന്നുതന്നെ എറണാകുളം എസിജഐം കോടതിയിൽ അപേക്ഷ നൽകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി ഏഴിനു കുന്പളം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഒഴിഞ്ഞ പറന്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വീപ്പയിൽനിന്നാണു മൃതദേഹം ലഭിച്ചത്. ഇതിനു പിറ്റേന്നാണു ദുരൂഹ സാഹചര്യത്തിൽ സജിത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കാലുകൾ കൂട്ടിക്കെട്ടി വീപ്പയിൽ തലകീഴായി ഇരുത്തി കോണ്ക്രീറ്റ് ചെയ്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രാവശിഷ്ടങ്ങളിൽനിന്നു മൃതദേഹം സ്ത്രീയുടേതാണെന്നു വ്യക്തമായിരുന്നു. തുടർന്നു പോലീസ് നടത്തിയ പരിശോധനയിൽ ഇടതു കണങ്കാലിൽ ശസ്ത്രക്രിയ നടത്തി സ്റ്റീൽ കന്പിയിട്ടയാളാണു മരിച്ചതെന്നും തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണു മരിച്ചത് ശകുന്തളയാണെന്നും കൊലപാതകി സജിത്താണെന്നും കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ശകുന്തളയുടെ മകളെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും അമ്മ ഒരു വർഷംമുന്പ് വീടുവിട്ടു മുംബൈയ്ക്കു പോയെന്നായിരുന്നു മൊഴി നൽകിയിരുന്നത്. എന്നാൽ, പോലീസ് മുംബൈയിലെത്തി നടത്തിയ അന്വേഷണത്തിൽ ശകുന്തള ഇവിടെയെത്തിയിട്ടില്ലെന്നു വ്യക്തമായിരുന്നു.
അതേസമയം, ശകുന്തള 2016 സെപ്തംബറിൽ മരണപ്പെട്ടതായുള്ള സൂചനയാണു പോലീസ് നൽകുന്നത്. മൃതദേഹം കണ്ടെത്തിയതോടെ അന്വേഷണം തന്നിലേക്കുവരുമെന്നു ഭയന്നാകാം കൊലപാതകി ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.