കൂത്തുപറമ്പ്: കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീന്റെ(30) കൊലപാതക കേസിൽ മുഖ്യപ്രതികളെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികൾക്കു വേണ്ടി ഇന്നലെ രാത്രി തലശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടൻ, കണ്ണവം സിഐ കെ. സുധീർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തി.
കൊലയ്ക്കു പ്രേരിപ്പിച്ചത്
കേസിൽ ഗൂഢാലോചന, മുഖ്യപ്രതികളെ സഹായിക്കൽ തുടങ്ങിയ കുറ്റമാരോപിച്ച് ഇന്നലെ ആർഎസ്എസ് പ്രർത്തകരായ കണ്ണവം ചുണ്ടയിലെ എം.അമൽരാജ് (22), പി.കെ.പ്രിബിൻ (23), എം.ആഷിഖ് ലാൽ (25) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
ഇവരെ ഇന്നലെ രാത്രിയോടെ മട്ടന്നൂർ ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞതായും ഇവർ ഉടൻ പിടിയിലാകുമെന്നും കണ്ണവം സിഐ കെ.സുധീർ പറഞ്ഞു.
എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
സിസിടിവി ഇല്ലെങ്കിലും
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സലാഹുദ്ദീൻ വെട്ടേറ്റ് മരിച്ചത്. ബൈക്കിലും കാറിലുമായി എത്തിയ സംഘമായിരുന്നു അക്രമം നടത്തിയത്.
അക്രമം നടന്ന സ്ഥലത്ത് സിസിടിവി കാമറ ഇല്ലെങ്കിലും മറ്റ് സ്ഥലങ്ങളിൽ സ്ഥാപിച്ച കാമറകളിൽ നിന്ന് പ്രതികൾ സലാഹുദീന്റെ കാറിനെ പിന്തുടരുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലപാതകം നടത്താൻ പ്രതികൾ ഉപയോഗിച്ച കാർ കേസിൽ പ്രതിയായ മറ്റൊരു അമൽരാജാണ് കോളയാട് സ്വദേശിയിൽ നിന്നും വാടകയ്ക്ക് എടുത്തതെന്നും അന്വേഷണത്തിൽ വ്യക്തമായി.പിടിയിലായ പ്രതികളുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മൂന്നു പ്രതികളെ പിടികൂടാനായതും വാഹനം കണ്ടെടുക്കാനായതും അന്വേഷണ സംഘത്തിന് മികച്ച നേട്ടമായി.