കൊച്ചി: ലോകത്തെവിടെപ്പോയാലും ഒരു മലയാളിയുടെ ചായക്കട ഉണ്ടാകുമെന്നതിനേക്കാൾ യാഥാർഥ്യ ബോധമുള്ള പ്രസ്താവനയായിരിക്കും ലോകത്തേത് ആശുപത്രിയിലും ഒരു മലയാളി നഴ്സ് ഉണ്ടാകുമെന്നത്. അർപ്പണ മനോഭാവം കൊണ്ട് ലോകം മുഴുവൻ അംഗീകാരം ലഭിച്ച നഴ്സുമാർക്കുള്ള സമർപ്പണമാണ് നീലിമ ഷേഖ് ഒരുക്കിയ ബിനാലെ നാലാം ലക്കത്തിലെ കലാസൃഷ്ടി. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിലാണ് നീലിമ ഷേഖിന്റെ ചിത്രങ്ങൾ പ്രദർശനത്തിന് വച്ചിരിക്കുന്നത്. സലാം ചേച്ചി എന്നാണ് ഈ സൃഷ്ടിയ്ക്ക് നീലിമ നൽകിയിരിക്കുന്ന പേര്.
കാലികമായി ഏറെ പ്രസക്തമായ വിഷയമാണ് നീലിമ ഷേഖ് ബിനാലെ നാലാം ലക്കത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഏറ്റവുമധികം ചൂഷണം നേരിടുന്ന തൊഴിൽ മേഖല കൂടിയാണിത്. ബിനാലെ പോലൊരു അന്താരാഷ്ട്ര കലാ പ്രദർശനത്തിൽ ഈ പ്രമേയം ഉൾപ്പെട്ടതു വഴി നഴ്സിംഗ് മേഖല ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേക്കാലമായി മലയാളി നഴ്സുമാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും അവരെക്കുറിച്ചുള്ള വാർത്തകൾ കാണുകയും ചെയ്യുന്പോൾ ഇത്രയും അർപ്പണ ബോധത്തോടെയുള്ള ജോലി പലപ്പോഴും അംഗീകരിക്കപ്പെടുന്നില്ലെന്ന് നീലിമ പറഞ്ഞു. ഏറെ ആലോചനകൾക്കും ഗവേഷണങ്ങൾക്കും ശേഷമാണ് ഇവർക്ക് വേണ്ടി കലാസൃഷ്ടി നടത്താനും അത് കൊച്ചി ബിനാലെയിൽ പ്രദർശിപ്പിക്കാനും തീരുമാനിച്ചത്.
നഴ്സുമാർ ചെയ്യുന്ന സേവനത്തിന്റെ വളരെ വ്യത്യസ്തമായ സമകാലീന ചിത്രങ്ങളാണ് നീലിമ ഷേഖ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിയിലെ അന്തരീക്ഷത്തിൽ ഒരു നഴ്സ് അണിയുന്ന വിവിധ വേഷങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. നഴ്സിംഗ് ജോലിയെക്കുറിച്ചും മലയാളി നഴ്സുമാരെക്കുറിച്ചുമുള്ള വിവിധ ഉദ്ധരണികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചിത്രങ്ങളുമായി ഒത്തു പോകുന്ന ഉദ്ധരണികളാണ് താൻ ഇതിൽ ചേർത്തിരിക്കുന്നതെന്ന് നീലിമ പറഞ്ഞു. പലപ്പോഴായി പലയിടങ്ങളിൽനിന്നും കേട്ട വാക്കുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവർ പറഞ്ഞു.
തൊഴിൽ വൈദഗ്ധ്യത്തിലും പരിചരണത്തിലും ഏറെ പ്രഫഷണലാണ് കേരളത്തിൽനിന്നുള്ള നഴ്സുമാർ. എന്നിട്ടും കേരളത്തിൽ അവർ അവഗണിക്കപ്പെടുന്ന വിഭാഗമാണ്. സാന്പത്തികമായും തൊഴിൽപരമായും ഏറെ വിവേചനം ഈ മേഖല നേരിടുന്നുണ്ടെന്നും നീലിമ ചൂണ്ടിക്കാട്ടി. നഴ്സിംഗ് ജോലിയോടുള്ള വർത്തമാനകാല സമൂഹത്തിന്റെ മനോഭാവം ചൂണ്ടിക്കാണിക്കാനും ഇതിലൂടെ ശ്രമിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.