സ്വന്തം ലേഖകന്‍
കോഴിക്കോട്: മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ കൊമ്പുകോര്‍ക്കുന്നു. സാലറിചലഞ്ച് വന്‍ വിജയമെന്ന് ഭരണപക്ഷ സംഘടനകള്‍ അവകാശപ്പെടുമ്പോള്‍ അധ്യാപകള്‍ ഉള്‍പ്പെടെയുള്ള വലിയൊരുവിഭാഗം സാലറിചലഞ്ചിന്റെ ഭാഗമായില്ലെന്നാണ് പ്രതിപക്ഷാനുകൂല സംഘടനകളുടെ വിലയിരുത്തല്‍.
സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്ക് സര്‍ക്കാര്‍ പുറത്തിറക്കാത്തതിനാല്‍ യൂണിയന് നേതാക്കള്‍ തമ്മില്‍ വാക്പോര് തുടരുകയാണ്. പരസ്പരമുള്ള ചെളിവാരിയെറിയല്‍ തുടരുന്നേതാടെ ഇത് ഓഫീസ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നുണ്ട്.
ശക്തമായ വാഗ്വാദങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ അരങ്ങേറുന്നതെന്നാണ് വിവരം. ഇത് ജീവനക്കാരെ രണ്ടുതട്ടിലാക്കി എന്ന ആക്ഷേപവും ശക്തമാണ്. ഭരണപക്ഷ യൂണിയനുകള്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം കോഴിക്കോട് കളക്ടറേറ്റ്, കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശേരി താലൂക്ക് ഓഫീസുകളില്‍ 95 ശതമാനം പേര് സാലറി ചലഞ്ചില്‍ ഭാഗമായെന്നാണ്. ജില്ലയില്‍ ചെറുതും വലുതുമായി 1700 സര്‍ക്കാര്‍ ഓഫീസുകളാണുള്ളത്.
അതില്‍ 249 ഓഫീസുകളിലെ മുഴുവന്‍ ജീവനക്കാരും ഒരുമാസ ശമ്പളം നല്കാന് തയാറായതായും ഇവര്‍ പറയുന്നു. സിവില്‍സ്റ്റേഷനിലെ നൂറോളം ഓഫീസുകളില്‍ 42 എണ്ണത്തിലെ മുഴുവന്‍ പേരും ചലഞ്ചില്‍ പങ്കാളികളായെന്നും ഇവര്‍ പറയുന്നു.
അതേസമയം സര്‍ക്കാര്‍ നീക്കത്തോട് ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അധ്യാപകരില്‍ നിന്നും തണുത്ത പ്രതികരണമാണുണ്ടായതെന്ന് പ്രതിപക്ഷയൂണിയനുകള്‍ പറയുന്നു. ജില്ലയിലെ 80 ശതമാനം അധ്യാപകരും ഒരു മാസത്തെ ശമ്പളം നല്‍കുന്നതിനോട് വിമുഖത കാട്ടി. ഇവരുള്‍പ്പെടെ അറുപത് ശതമാനം ജീവനക്കാരാണ് വിസമ്മതപത്രം നല്‍കിയത്.
ജില്ലയിലെ ഭൂരിഭാഗം അധ്യാപകരും സര്‍ക്കാരിന്റെ സാലറി ചാലഞ്ച് ഉത്തരവ് തള്ളിയെന്ന് കെപിഎസ്ടിഎ കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റി വിലയിരുത്തി. താമരശ്ശേരി ജില്ലാ ട്രഷറിയില്‍ 30ല്‍ 16 പേരും വടകര എസ്പി ഓഫിസില്‍ 64ല്‍ 45 പേരും വിസമ്മതം അറിയിച്ചതായി ഇവര്‍ അവകാശപ്പെടുന്നു.
അതേസമയം, നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി പോലീസ് അസോസിയേഷന് ഭാരവാഹികളും മുന്‍ അസോസിയേഷന് ഭാരവാഹികളും ഒരുപോലെ വാട്സ് ആപ്പ് ഗ്രൂപ്പ് വഴി സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതും വിവാദമായിട്ടുണ്ട്.പോലീസ് അസോസിയേഷന് ഇടപെട്ട് സാലറി ചാലഞ്ചിനെ പ്രോത്സാപിക്കുമ്പോള് മുന്‍ അസോസിയേഷന് ഇതിനെതിരേ രംഗത്തെത്തിയിരുന്നു.
പോലീസിനുള്ളിലെ ഭിന്നത പലഘട്ടത്തിലും മറനീക്കി സോഷ്യല്‍ മീഡിയവഴി തന്നെ പുറത്തുവരികയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയവഴി രാഷ്ട്രീയ ചായ്വുള്ള പ്രചാരണം നടത്തിയാല്‍ അതിന്മേല് വകുപ്പുതല അന്വേഷണവും പരമാവധി സര്‍വീസില്‍ നിന്നും പിരിച്ചുവിടല്‍ വരെയുള്ള നടപടികളും സ്വീകരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
സമൂഹമാധ്യങ്ങളിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അതാത് ജില്ലാ പോലീസ് മേധാവികളും ബറ്റാലിയന് മേധാവികളും റേഞ്ച്, മേഖലാ മേധാവികളും മറ്റ് യൂണിറ്റ് മേധാവികളും ഉടന്‍ വകുപ്പുതല നടപടി സ്വീകരിക്കണം. എന്നാല്‍ ഇത്തരത്തില്‍ യാതൊരു നടപടിയും ഇപ്പോള്‍ സ്വീകരിക്കുന്നില്ല.