കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പ്രളയ ദുരിതാശ്വാസത്തിനായി ഒരു മാസത്തെ ശന്പളം നൽകുന്ന പദ്ധതിയിൽ പങ്കെടുക്കാതെ വിസമ്മതപത്രം നൽകിയത് 1.15 ലക്ഷം സർക്കാർ ജീവനക്കാർ. സർക്കാർ ഹൈക്കോടതിയിലാണ് കണക്കറിയിച്ചത്.
ഗസറ്റഡ്, നോണ്‍ ഗസറ്റഡ് വിഭാഗത്തിലുള്ള സർക്കാർ ജീവനക്കാരിൽ 79 ശതമാനം പേർ ഒരു മാസത്തെ ശന്പളം നൽകി. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ 85.64 ശതമാനം പേരും സാലറി ചലഞ്ചിൽ പങ്കെടുത്തു.
എയ്ഡഡ് കോളജുകളിലെ ജീവനക്കാരിൽ 82.17 ശതമാനം പേർ വിസമ്മതപത്രം നൽകിയെന്നു ധനകാര്യ ഡെപ്യൂട്ടി സെക്രട്ടറി കെ. മദൻകുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
സർക്കാർ ജീവനക്കാരുടെ ശന്പളം നിർബന്ധപൂർവം പിടിച്ചെടുക്കുന്നെന്നും സാലറി ചലഞ്ച് തടയണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് നൽകിയ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.
കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകാൻ ജീവനക്കാരോട് സുപ്രീം കോടതി തന്നെ നിർദേശിച്ചിട്ടുണ്ട്. സമ്മതമില്ലാത്തവർക്കു വിസമ്മതപത്രം നൽകാനും പറയുന്നുണ്ട്. ഇതേ മാതൃകയിലാണ് സർക്കാരിന്റെ ഉത്തരവെന്നു സർക്കാർ വ്യക്തമാക്കുന്നു.