കൊച്ചി: സാന്പത്തിക പ്രതിസന്ധി മറികടക്കാൻ ശന്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.
ശമ്പളം സര്ക്കാര് ജീവനക്കാരുടെ അവകാശമാണ്. സാമ്പത്തിക ബുദ്ധിമുട്ട് ശമ്പളം നീട്ടിവയ്ക്കുന്നതിന് കാരണമല്ലെന്നും കോടതി വിലയിരുത്തി. രണ്ടു മാസത്തേക്കാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്.
സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നും ശന്പളം പിടിക്കാൻ അധികാരം ഉണ്ടെന്നുമായിരുന്നു സർക്കാർ വാദിച്ചത്. എന്നാൽ സർക്കാർ ഉത്തരവിൽ ഏറെ അവ്യക്തത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സാന്പത്തിക പ്രതിസന്ധി എന്നു മാത്രമാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കുന്നത്.
പിടിച്ചെടുക്കുന്ന പണം കോവിഡ് പ്രതിരോധത്തിനാണോ വിനിയോഗിക്കുകയെന്ന് സർക്കാർ വ്യക്തമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, പ്രതിസന്ധി ഘട്ടത്തിൽ നിശ്ചിത സമയത്തിനകം ശമ്പളം നല്കണമെന്ന് ചട്ടമില്ലെന്നും മാറ്റിവയ്ക്കാമെന്നുമാണ് സർക്കാർ മറുപടി നൽകിയത്.
സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരേ സർക്കാരിന് മേൽക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസ് മേയ് 20 ലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആറു ദിവസത്തെ വീതം ശമ്പളം അഞ്ചു മാസത്തേക്കു പിടിക്കാനാണ് സർക്കാർ ഉത്തരവിറക്കിയത്.