കൊല്ലം: പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുന:സൃഷ്ടിക്കായി എല്ലാ മലയാളികളും തങ്ങളുടെ ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയ്ക്ക് ജില്ലയിൽ ജീവനക്കാരുടെ മേഖലയിൽ അഭൂതപൂർവ്വമായ പിന്തുണ.
വിസമ്മത പത്രം നൽകുന്നതിന് നിശ്ചയിച്ചിരുന്ന അവസാന ദിവസമായ ഇന്നലെ വൈകുന്നേരം വരെയുള്ള പ്രാഥമിക കണക്ക് പ്രകാരം ജില്ലയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേവലം 13 ശതമാനം ജീവനക്കാർ മാത്രമാണ് വിസമ്മതപത്രം നൽകിയിട്ടുള്ളത്. 357 സർക്കാർ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരും സംഘടനാഭേദമന്യേ സാലറി ചലഞ്ചിൽ പങ്കാളികളായി.
സെപ്തംബർ മാസത്തെ ശമ്പളവിതരണ തീയയതി അടുക്കുമ്പോഴേയ്ക്കും ഇപ്പോൾ വിസമ്മതപത്രം നൽകിയിട്ടുള്ള കുറേയധികം ജീവനക്കാർ കൂടി സാലറി ചലഞ്ചിൽ പങ്കാളികളാകും. സാലറി ചലഞ്ച് വിജയിപ്പിച്ച മുഴുവൻ ജീവനക്കാരെയും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി സി. ഗാഥയും ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി എൻ. കൃഷ്ണകുമാറും അഭിനന്ദിച്ചു.