കോഴിക്കോട്: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് പോലീസ് സേനയില്‍ തമ്മിലടി.നിലവില്‍ ജോലിഭാരം കുറവുള്ള കണ്ട്രോള് റൂം, എആര്‍ ക്യാമ്പ്, ട്രാഫിക് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന പോലീസുകാരെ “മറ്റ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് തട്ടും’ എന്നു പറഞ്ഞാണ് നിര്‍ബന്ധിത സാലറി ചലഞ്ചിന് പ്രേരിപ്പിച്ചത്. നിർബന്ധിത സാലറി ചലഞ്ച് പിടിച്ചുപറിക്കു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷണം നിലനിൽക്കെ പോലീസിൽ ഭീഷണിപ്പെടുത്തി ശന്പളം പിടിച്ചെടുക്കുകയാണെന്ന് ഒരുവിഭാഗം പോലീസുകാർ ആരോപിക്കുന്നു.
എആര്‍ ക്യാമ്പില്‍ പുതുതായി ചാര്‍ജെടുത്ത കമാൻഡന്റും ചില പോലീസുകാരും തമ്മിൽ ഇന്നലെ ഈ വിഷയത്തിൽ പോർവിളിതന്നെ നടന്നതായി പറയുന്നു. ട്രെയിനികളായി എത്തിയ മുന്നൂറോളം പോലീസുകാരുടെ “സഭ’ വിളിച്ചുചേര്‍ക്കുകയും നിര്‍ബന്ധമായി സാലറി ചലഞ്ച് ഏറ്റെടുക്കാന്‍ ഡെപ്യൂട്ടി കമാൻഡന്റ് നിര്‍ദേശിക്കുകയും ചെയ്തു. ഇദ്ദേഹത്തെ സഹായിക്കാൻ പോലീസ് അസോസിയേഷനിലെ ചില പ്രവർത്തകരുമെത്തിയത്രെ.
ഇതറിഞ്ഞ് അസോസിയേഷന് പഴയ നേതാക്കള്‍ ഇവിടെ എത്തുകയും വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പ്രൊബേഷൻ പൂർത്തിയാകത്തവരാണ് പോലീസ് ട്രെയിനികൾ. ഒരു മാസത്തെ ശന്പളം നൽകാതിരുന്നാൽ ഭാവിയിൽ ഇവർക്കെതിരെ ശിക്ഷാനടപടി(പിആർ) ഉണ്ടാകുമെന്നുവരെ ചിലർ ഭീഷണിമുഴക്കി.
ഒരു ട്രാഫിക് എസിയുടെ നിര്‍ദേശപ്രകാരമാണ് ട്രാഫിക് പോലീസിൽ നിര്‍ബന്ധിത പണപ്പിരിവെന്നാണ് ആക്ഷേപം. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവര്‍ക്ക് വിവിധ രീതികളിലുള്ള ഭീഷണിയാണ് വന്നുകൊണ്ടിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. ഇരുന്നൂറോളംപേര്‍ മാത്രമാണ് രണ്ടുദിവസം മുന്‍പുവരെ ഒരുമാസത്തെ ശമ്പളം നല്കാന് തയാറായിരുന്നത്.
ഇത് നാണക്കേടാകുമെന്ന് കണ്ടാണ് ഭരണപക്ഷ യൂണിയനുകളുടെ പിന്തുണയോടെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള ഭീഷണിയുയര്‍ത്തി കൂടുതല്‍ പേരെ സാലറി ചലഞ്ചിന്റെ ഭാഗമാക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചത്. നിലവിലെ ലാവണത്തിൽ തുടരുന്നതിനായി ചില ഓഫീസർമാർ അസോസിയേഷന് കൂട്ടുനിൽക്കുകയാണെന്ന് ഒരുവിഭാഗം പോലീസുകാർ ആരോപിക്കുന്നു.
സിറ്റി പോലീസ് കമ്മീഷണർക്ക് സാലറി ചലഞ്ചിനോട് വലിയ താത്പര്യമില്ല എന്നതിനാൽ പലരും ശന്പളം നൽകാൻ വിസമ്മതിക്കുന്നുണ്ട്. എന്തായാലും സാലറി ചലഞ്ചിന്റെ പേരില്‍ വലിയ തോതിലുള്ള ചേരിതിരിവാണ് ജില്ലയിലെ പോലീസ് സേനാംഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ പോലീസ് സേനാംഗങ്ങള്‍ വ്യക്തിപരമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ടി.പി. സെന്‍കുമാര്‍ ഡിജിപിയായിരിക്കെ പുറപ്പെടുവിച്ച 45/2015 ഉത്തരവും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
രാഷ്ട്രീയ ചായ്വുള്ള പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാനോ അയച്ചുകൊടുക്കുവാനോ ഷെയര്‍ ചെയ്യുവാനോ കമന്റ് ചെയ്യുവാനോ ലൈക്ക് ചെയ്യുവാനോ പാടില്ലെന്നായിരുന്നു സെന്‍കുമാറിന്റെ സര്‍ക്കുലര്‍ . എന്നാല്‍ ഇതു പരസ്യമായി ലംഘിച്ചാണ് സാലറി ചലഞ്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പോലീസുകാര്‍ പ്രതികരിക്കുന്നത്.
പോലീസ് അസോസിയേഷന് ഭാരവാഹികളും മുന്‍ അസോസിയേഷന് ഭാരവാഹികളും ഒരുപോലെ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പോലീസ് അസോസിയേഷന് ഇടപെട്ട് സാലറി ചലഞ്ചിനെ പ്രോത്സാഹിപ്പിക്കുമ്പോള്‍ മുന്‍ അസോസിയേഷന് ഇതിനെതിരേ രംഗത്തെത്തുകയാണ്. രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കേണ്ട പോലീസ് അസോസിയേഷനെ നിലവിലെ ഭാരവാഹികളിൽ ചിലർ രാഷ്ടിയകളിക്ക് ഉപയോഗപ്പെടുത്തുന്നുവെന്നാണ് മുൻ ഭാരവാഹികളുടെ ആരോപണം.