പയ്യന്നൂര്‍: താത്കാലിക നിയമനത്തില്‍ അധ്യാപികയായി ജോലി ചെയ്ത അഞ്ച് വര്‍ഷത്തെ ശന്പളം മറ്റൊരാള്‍ക്ക് നല്‍കിയതിനെതിരെ അധ്യാപിക നടത്തിയ പോരാട്ടത്തിന് പോലീസിന്റെ ഇടപെടലിലൂടെ പരിഹാരം. എംഎ ഇംഗ്ലീഷ് ബിരുദധാരിയും തായിനേരി സ്കൂളിലെ താത്കാലിക അധ്യാപികയുമായ കോറോത്തെ ഗ്രീഷ്മയുടെ പരാതിക്കാണ് പോലീസിന്റെ ഇടപെടലിലൂടെ പരിഹാരമായത്.
തായിനേരി സ്കൂളില്‍ താത്കാലിക ജീവനക്കാരിയായി അഞ്ച് വര്‍ഷം ജോലി ചെയ്തതിന്റെ ശന്പളമായ 5,37,000 രൂപയാണ് ബാങ്ക് അക്കൗണ്ട് നമ്പര്‍ മാറിയതിനെ തുടര്‍ന്ന് മറ്റൊരാള്‍ക്ക് കിട്ടിയത്. ഇതേ തുടര്‍ന്ന് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടും പരിഹാരമില്ലാതെ വന്നപ്പോള്‍ ഹയര്‍ സെക്കണ്ടറി റിജിയണല്‍ സെക്രട്ടറിക്കും ഡയറക്ടര്‍ക്കും പരാതി നല്കി.
എന്നിട്ടുംനടപടികളൊന്നുമില്ലാതെ വന്നപ്പോഴാണ് അധ്യാപിക ഹൈക്കോടതിയെ സമീപിച്ചത്.ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ശ്രീജിത്ത് കൊടേരി നടത്തിയ അന്വേഷണത്തിലാണ് ചിട്ടിക്കമ്പനി നടത്തിപ്പുകാരനായ പിലാത്തറയിലെ മനോജിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്നും അതില്‍നിന്ന് 4,42,000 രൂപ ഇയാള്‍ പിന്‍വലിച്ചതായും കണ്ടെത്തിയത്.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ പണം ലഭിച്ചതായി ഇയാള്‍ സമ്മതിച്ചു.തിരിച്ച് നല്കാന് സാവകാശം വേണമെന്നുമാവശ്യപ്പെട്ടു.ഇന്നലെ വൈകുന്നേരത്തിനുള്ളില്‍ പണം തിരിച്ച് നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന എസ്ഐയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് ഇയാള്‍ പണം തിരിച്ചേല്‍പ്പിക്കുകയായിരുന്നു.ബാങ്ക് അക്കൗണ്ട് നമ്പറിലെ അഞ്ചക്കങ്ങള്‍ മാറിയതിന് പിന്നിലെ ദുരൂഹതയഴിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
സ്കൂള്‍ അധികൃതര്‍ക്കും മനോജിനുമിടയില് കൂടുതല്‍ ഇടപാടുകളുണ്ടോയെന്ന കാര്യവും പരിശോധിച്ചുവരികയാണെന്ന് എസ്ഐ പറഞ്ഞു.അധ്യാപികയുടെ പരാതിയില്‍ അന്വേഷണം നടത്തിയ ഹയര്‍ സെക്കണ്ടറി റീജിയണന് സെക്രട്ടറിക്ക് പ്രധാന അധ്യാപകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.