തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം പിൻവലിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്നുകൊണ്ട് നീക്കിയില്ലെങ്കിൽ സമരം കടുപ്പിക്കാനൊരുങ്ങി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ.
എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നിലപാട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്.
നിയന്ത്രണങ്ങളോടെ ആണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടറിയേറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്.
എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ ആരോപിക്കുന്നത്. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്.
ഒരു ദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകി തുടങ്ങിയത്. ട്രെഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി. എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് അകൗണ്ടിൽ നിന്നും പണം പിൻവലിക്കാനുള്ള സാങ്കേതിക തടസമായിരുന്നു മൂന്നു ദിവസം ശമ്പളം വൈകാൻ കാരണം.