കണ്ണൂർ: മാർച്ച് മാസത്തെ ശന്പളം ഏപ്രിൽ നാലായിട്ടും ജീവനക്കാർക്കു ലഭിക്കാത്തതിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർവകലാശാല ജീവനക്കാർ പ്രതിഷേധിച്ചു. സർവകലാശാലയുടെ തനതു ഫണ്ടടക്കം 27 കോടി രൂപയോളം രൂപ സർവകലാശാല അധികാരികൾ അറിയാതെ ട്രഷറി അക്കൗണ്ടിൽ നിന്നും സർക്കാർ പിൻവലിച്ചു. ഇതിനാലാണു ജീവനക്കാരുടെ ശന്പളവും പെൻഷനും മുടങ്ങിയത്.
പ്രതിഷേധത്തെ തുടർന്നു ശന്പളം നൽകുന്നതിനായുള്ള സത്വര നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നു കണ്ണൂർ സർവകലാശാല ഫിനാൻസ് ഓഫീസർ അറിയിച്ചു. സർവകലാശാല ഫണ്ടുകൾ ട്രഷറി അക്കൗണ്ടിലേക്കു മാറ്റാനുള്ള ശ്രമത്തിനെതിരേ കേരളത്തിലെ സർവകലാശാല ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധമുയർത്തിയിരുന്നുവെങ്കിലും അതു കണക്കിലെടുക്കാതെയാണു സർക്കാർ സർവകലാശാലകളുടെ ഫണ്ടുകൾ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയത്.
വിവിധ ആവശ്യങ്ങൾക്കായി സർവകലാശാല നൽകിയ കോടിക്കണക്കിനു രൂപയുടെ ചെക്കുകൾ പുറത്തുനിൽക്കെയാണ് സർക്കാരിന്റെ ഈ നടപടി. ചെക്കുകൾ മടങ്ങാനിടയായാൽ ചെക്ക് ലഭിച്ചവർ സർവകലാശാലയ്ക്കെതിരേ നിയമ നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരത്തിന് സ്റ്റാഫ് ഓർഗനൈസേഷൻ പ്രസിഡന്റ് ജയൻ ചാലിൽ, ജനറൽ സെക്രട്ടറി കെ.പി. പ്രേമൻ, ഷാജി കാക്കാട്ട്, ഷാജി കരിപ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.