അന്പലപ്പുഴ: ശന്പളം മുടങ്ങിയതോടെ സഹകരണ വകുപ്പ് ജീവനക്കാർ അനിശ്ചിത കാല റിലേ സത്യാഗ്രഹമാരംഭിച്ചു. സഹകരണ വകുപ്പിന് കീഴിലുളള പുന്നപ്രയിലെ സാഗര സഹകരണ ആശുപത്രി, എൻജിനീയറിംഗ് കോളജ്, എംബിഎ ഇൻസ്റ്റിറ്റ്യൂട്ട്, ഫിനിഷിംഗ് സ്കൂൾ എന്നിവിടങ്ങളിലെ സ്ഥിരം കരാർ ജീവനക്കാരായ 250 ഓളം പേർക്കാണ് ജനുവരി മാസത്തിലെ ശന്പളം ലഭിക്കാതായത്.
ആശുപത്രിയിലെ ഡോക്ടർമാർക്കൊഴികെ മറ്റാർക്കും ദിവസങ്ങൾ പിന്നിട്ടിട്ടും ശന്പളം കിട്ടിയില്ല. എന്നാൽ അടുത്ത നാല് മാസത്തേക്ക് കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള സ്ഥാപനങ്ങൾക്കുള്ള ഫണ്ട് മുടങ്ങുമെന്ന വിവരമാണ് കേപ്പ് അധികൃതർ നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു. കേപ്പിന്റെ സഹകരണ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് സർക്കാർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്ക് വിഹിതമായി 40 ശതമാനം തുക ലഭ്യമാക്കിയിരുന്നു.
മുൻ സഹകരണ വകുപ്പുമന്ത്രിയായിരുന്ന ജി. സുധാകരനാണ് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ സഹായം ലഭ്യമാക്കിയത്. മാറിവന്ന യുഡിഎഫ് സർക്കാർ ഇത് നിർത്തലാക്കി. പിന്നീട് പുനസ്ഥാപിക്കാനായില്ല. ഒപ്പം കേപ്പിനു കീഴിലുള്ള കൊച്ചി മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ സഹകരണ വകുപ്പിന് ലഭിക്കേണ്ട 44 കോടി രൂപയും ഇതുവരെ ലഭിച്ചില്ല.
ഇതാണ് പ്രതിസന്ധിക്ക് കാരണമായി ജീവനക്കാർ പറയുന്നത്. എന്നാൽ സർക്കാർ വഹിതമായി, സഹകരണ സ്ഥാപനങ്ങൾക്ക് ആവശ്യമായ ഫണ്ട് അടുത്തിടെ അനുവദിച്ചെങ്കിലും സഹകരണ രജിസ്ട്രാർ ഇത് നൽകാൻ കൂട്ടാക്കാത്തതാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് കാരണമെന്നും ജീവനക്കാർ പറയുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ശന്പളം ലഭിക്കാതെ വന്നതോടെയാണ് കേപ്പ് സ്ഥാപനങ്ങൾക്ക് മുന്പിൽ ജീവനക്കാർ റിലേ സത്യാഗ്രഹം ആരംഭിച്ചത്.