മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചിനോട് തണുത്ത പ്രതികരണമാണ് ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകളെല്ലാം പുലര്‍ത്തുന്നത്.
ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സാലറി ചലഞ്ചിന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം എന്നാണ് വിവരം.
കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായാണ് എല്ലാ ജീവനക്കാരോടും ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഇതില്‍ പങ്കെടുക്കാന്‍ ഒട്ടുമിക്ക ആളുകളും വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. അത്തരക്കാരുടെ ശമ്പളമാണ് വെട്ടിക്കുറയ്ക്കുക.
തെലുങ്കാനയിലാണ് ഈ പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു സംസ്ഥാനങ്ങളും ഈ നടപടികള്‍ തുടങ്ങി.
ഒരു മാസത്തെ ശമ്പളം ഒരുമിച്ച് നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ പല തവണകളായി, മൂന്നോ നാലോ തവണയായും നല്‍കാം. എന്നാല്‍, ഇതിനും തയ്യാറാകാത്തവരുടെ ശമ്പളമാണ് വെട്ടിച്ചുരുക്കാന്‍ പദ്ധതിയുള്ളത്.
ഇവരുടെ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളത്തില്‍ നിന്ന് 50 ശതമാനം കുറയ്ക്കാനാണ് ഇപ്പോള്‍ ആലോചന. ഇങ്ങനെ സമാഹരിക്കുന്ന തുക ഏകദേശം 3000 കോടിയില്‍ അധികം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
2018ല്‍ പ്രളയകാലത്ത് ഈ പദ്ധതി നടപ്പാക്കിയപ്പോള്‍ ഇത് കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിരുന്നു. അതിനാല്‍, ഇത്തവണ നിയമവശങ്ങള്‍ പരിശോധിച്ച ശേഷമാണ് ഉത്തരവിറക്കിയിരിക്കുന്നത്.
പൊതുമേഖലയിലും സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍, ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
കൊറോണ പോലുള്ള സാഹചര്യങ്ങളില്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നത് ഉത്തരവിടാന്‍ നിയമപരമായ തടസ്സമില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 2018ല്‍ 1500 കോടി രൂപയാണ് സാലറി ചലഞ്ച് വഴി സമാഹരിച്ചത്.
അന്ന് 40 ശതമാനം ആളുകള്‍ സാലറി ചലഞ്ചില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ പ്രതികൂലമാകില്ലെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍.