തിരുവനന്തപുരം: ശമ്പള വിതരണ പ്രതിസന്ധി രൂക്ഷമായി തുടരവെ കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകി സർവീസ് സംഘടനകൾ. ശന്പളം മുടങ്ങി ആറ് ദിവസം പിന്നിട്ടതിനാൽ ജോലി ബഹിഷ്കരിച്ചുകൊണ്ടുള്ള സമരങ്ങളുമായി മുന്നോട്ട് പോകുന്നതുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. ഭരണ-പ്രതിപക്ഷ സർവീസ് സംഘടനകൾ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായാണ് നിലയുറപ്പിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയിലെ നഴ്സുമാർക്കും അധ്യാപകർക്കും ഇനിയും ശന്പളം ലഭിച്ചിട്ടില്ല. ശന്പള വിതരണം നീണ്ടുപോയാൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന കടുത്ത നടപടികൾ സ്വീകരിക്കുമെന്നാണ് നഴ്സിംഗ് സംഘടനകളുടെയും നിലപാട്. എസ്എസ്എൽസി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ ഘട്ടത്തിൽ അധ്യാപകരും കടുത്ത നിലപാട് സ്വീകരിച്ചാൽ വിദ്യാഭ്യാസ മേഖലയെയും ബാധിക്കും.
നിയമസഭ ജീവനക്കാർക്കും ശന്പളം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ സ്പീക്കർ അടിയന്തരമായി ഇടപെട്ട് ശന്പളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിയമസഭ ജീവനക്കാരുടെ അഭിപ്രായം. മറ്റ് പല വകുപ്പുകളിലെയും അൻപത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് ശന്പളം ലഭിച്ചത്. ശന്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം വച്ചതിലും ജീവനക്കാർക്ക് കടുത്ത അതൃപ്തിയുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സർക്കാരിനോടൊപ്പം നിൽക്കുകയും സാലറി ചലഞ്ചിലൂടെ സർക്കാരിനെ സഹായിക്കുകയും ചെയ്തവരാണ് തങ്ങളെന്നാണ് ജീവനക്കാർ വ്യക്തമാക്കുന്നത്. ശന്പളം ലഭിക്കാത്തത് കാരണം കുടുംബ ബജറ്റ് താളം തെറ്റി. ഹൗസിംഗ് ലോണ്‍ ഉൾപ്പെടെ നിരവധി ലോണുകളും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകളും വീട്ടു ചെലവുകളുമെല്ലാം നടത്തിയിരുന്നത് ശന്പളത്തിൽ നിന്നാണെന്നാണ് ജീവനക്കാർ പറയുന്നത്.
നിലവിലെ ശന്പള പ്രതിസന്ധി ലോണ്‍ ഇഎംഐ അടയ്ക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്. സിബിൽ സ്കോറിനെ ബാധിക്കുന്ന അവസ്ഥ വരുമെന്ന ആശങ്കയുണ്ടെന്നും ജീവനക്കാർ പറയുന്നു.അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് കേരളം സമർപ്പിച്ച ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
ജസ്റ്റിസ് മാരായ സൂര്യ കാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേരളത്തിന്റെ ഹർജി പരിഗണിക്കുന്നത്. സംസ്ഥാനത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ ഹാജരാകും. ഇന്നും നാളെയും ഹരജിയിൽ വിശദമായ വാദം കേൾക്കും. അടിയന്തരമായി 26,000 കോടി കടമെടുക്കാൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകണം എന്നാണ് കേരളത്തിന്റെ ആവശ്യം.
എം. സുരേഷ്ബാബു