ജോലിക്കാർക്ക് കൃത്യമായി ശന്പളം കൊടുക്കാത്ത സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. മാടിനെപ്പോലെ പണി എടുപ്പിക്കും എന്നാൽ ശന്പളം ചോദിച്ചാലോ ഇന്ന് തരാം നാളെ തരാം എന്നെക്കെ പറഞ്ഞ് മാനേജ്മെന്റ് കയ്യൊഴിയാറുള്ള സ്ഥാപനങ്ങളുമുണ്ട്. ചില ജോലിക്കാർ മാനേജ്മെന്റിന്റെ മുടന്തൻ ന്യായം കേട്ട് മൗനം പാലിക്കും, ചിലർ നന്നായി പ്രതികരിക്കും. അത്തരത്തിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കൃത്യമായി ശന്പളം നൽകാത്തതിൽ പ്രതികരിച്ചിരിക്കുകയാണ് ഒരു യുവാവ്.
വിഎംഎസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കന്പനി ഇയാൾക്ക് ശന്പളം നൽകുന്നില്ല. ഇതിൽ പ്രതികരിച്ച് ലിങ്ക്ടിന്നിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് യുവാവ്.
താൻ കൃത്യമായി ജോലിക്ക് എത്തുന്നു, കന്പനി പറയുന്നത് അനുസരിച്ച് അവരുടെ പ്രതീക്ഷകൾക്കൊത്ത് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, നാല് മാസമായി തന്റെ ശമ്പളം കമ്പനി തടഞ്ഞുവച്ചിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ പല തവണ താൻ ശ്രമിച്ചിരുന്നുവെങ്കിലും നടന്നില്ല. തന്റെ ബോസുമാരിൽ ഒരാൾക്ക് ശന്പളം ലഭിച്ചില്ലന്ന് പറഞ്ഞ് യുവാവ് അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. അതിൽ ബോസിനെ പലതവണ മെസേജ് അയച്ചിരിക്കുകയും വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് കാണാം. പോസ്റ്റ് പങ്ക്വച്ചുകൊണ്ട് ഇനി താനെന്താണ് ചെയ്യേണ്ടത് എന്നാണ് യുവാവ് ചോദിക്കുന്നത്.
യുവാവിന്റെ പോസ്റ്റ് വൈകാതെതന്നെ വൈറലായി. എച്ച് ആറിന് മെയിൽ അയക്കണമെന്നും പിന്നീട്, ഈ മെയിലുകളടക്കം ഉൾപ്പെടുത്തി നിയമപരമായി മുന്നോട്ട് പോകണമെന്നും ആളുകൾ ഉപദേശിച്ചു. ഇത്തരക്കാരെ വെറുതെ വിടരുത് കൃത്യമായ പണിതന്നെ ഇവർക്ക് നൽകണമെന്നും അഭിപ്രായപ്പെട്ടവർ കുറവല്ല.