താങ്കളെ സേവിക്കാന്‍ സര്‍ക്കാര്‍ എനിക്കു ദിവസേന 811 രൂപ തരുന്നുണ്ട്! പുഞ്ചിരിതൂകുന്ന മുഖം; കിറുകൃത്യതയോടെയുള്ള ജോലി; അബ്ദുള്‍ സലീമെന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെക്കുറിച്ച്…

Saleem1

മലപ്പുറം ജില്ലയിലെ അങ്ങാടിപുരം ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ എന്തെങ്കിലും ആവശ്യത്തിനെത്തുന്നവര്‍ സ്ഥിരം തിരയുന്നൊരു മുഖമുണ്ട്. അബ്ദുള്‍ സലിം പള്ളിയല്‍ത്തോടി എന്ന 42കാരനായ ഉദ്യോഗസ്ഥനെ. അതിന്റെ കാരണമിതാണ്. സിനിമയിലും മറ്റും കാണുന്നതുപോലുള്ള, എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അധികം കാണാന്‍ കിട്ടാത്ത ഒരു കഥാപാത്രമാണ് അബ്ദുള്‍ സലിം. സദാ പുഞ്ചിരി തൂകുന്ന മുഖം. കിറുകൃത്യതയോടെയുള്ള ജോലി. കൂടാതെ, തന്നെ സമീപിക്കുന്ന ആളുകളില്‍ നിന്ന് അവരോടുള്ള തന്റെ സമീപനത്തെക്കുറിച്ചുള്ള അഭിപ്രായവും എഴുതി വാങ്ങിക്കും. തീര്‍ന്നില്ല. കൈക്കൂലിക്കെതിരെയുള്ള ഒരു നോട്ടീസും ഇദ്ദേഹം തന്റെ മേശപ്പുറത്ത് സൂക്ഷിക്കുന്നു. അതില്‍ പറയുന്നതിപ്രകാരമാണ്.

Saleem2

“താങ്കളെ സേവിക്കുന്നതിനായി ദിവസേന 811 രൂപ സര്‍ക്കാര്‍ എനിക്ക് വേതനമായി നല്‍കുന്നുണ്ട്. അതായത് 24,340 രൂപ മാസശമ്പളം. താങ്കളോടുള്ള എന്റെ സമീപനത്തിലോ സേവനത്തിലോ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതെന്നോട് തുറന്നുപറയാം”. 2014 ല്‍ ഓഫീസില്‍ ജോലിക്കെത്തിയപ്പോള്‍ മുതല്‍ അബ്ദുള്‍ സലിം തന്റെ മേശപ്പുറത്ത് ഈ നോട്ടീസ് വയ്ക്കുന്നുണ്ട്. ശമ്പളം വര്‍ധിക്കുമ്പോള്‍ കൃത്യമായി അത് മാറ്റിച്ചേര്‍ക്കും. പഞ്ചായത്ത് ഓഫീസില്‍ എത്തിയ ആരോ കൗതുകം തോന്നി ഈ നോട്ടീസിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു. അങ്ങനെയാണ് നോട്ടീസും അബ്ദുള്‍ സലിമും ജനശ്രദ്ധയാകര്‍ഷിച്ചത്.

“ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തിലിരിക്കുന്നവരുടെയും പ്രധാന ജോലി പലവിധ ആവശ്യങ്ങളുമായി അവിടെയെത്തുന്നവരെ സഹായിക്കുക എന്നതാണ്. അവരെ നിരാശരാക്കി പറഞ്ഞയയ്ക്കരുത്. സംതൃപ്തിയോടെയായിരിക്കണം അവര്‍ മടങ്ങിപ്പോവുന്നത്. സലിം പറയുന്നു. സലിമിനെക്കുറിച്ച് അദ്ദേഹത്തിന്റെ സൂപ്രണ്ട് പറയുന്നത ഇപ്രകാരമാണ്. “തന്റെ ഉത്തരവാദിത്വത്തില്‍ പെടാത്ത ജോലി പോലും സലിം ചെയ്യാറുണ്ട്. സലിമിനോട് സംസാരിച്ചുകഴിഞ്ഞാല്‍ ആളുകള്‍ക്ക് അവരുടെ അവകാശത്തെക്കുറിച്ച് ബോധ്യം വരും”. സലിമിനെ വ്യത്യസ്തനാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. പോളിയോമൂലമുണ്ടായ 40 ശതമാനം ശാരീരിക വൈകല്യം പോലും വകവയ്ക്കാതെയാണ് സലിം തന്റെ സ്കൂട്ടറില്‍ ഫീല്‍ഡ് വിസിറ്റിനും മറ്റും പോകുന്നത്. സലിം മാത്രമല്ല, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മറ്റ് 17 പേരും പൊതുജനസേവനത്തിന് പേരുകേട്ടവരാണ്. പഞ്ചായത്ത് സെക്രട്ടറി കെ സിദ്ധിഖ് 201112 പ്രവൃത്തിവര്‍ഷം സംസ്ഥാനത്തെ മികച്ച പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് സ്വന്തമാക്കിയ ആളാണ്. ഏതായാലും ഒരു കാര്യമുറപ്പിച്ചുപറയാം. ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍, റവന്യൂ ഓഫീസുകളിലാണ് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് എന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന രീതിയിലുള്ള കൃത്യനിര്‍വ്വഹണമാണ് അങ്ങാടിപുരം പഞ്ചായത്ത് ഓഫീസില്‍ നടക്കുന്നത്.

Related posts