ചെങ്ങന്നൂർ : പാണ്ഡവൻപാറ, തിട്ടമേൽ കോതാലുഴത്തിൽ വീട്ടിൽ സലിനബിനു ഇപ്പോൾ നാട്ടിലെ അഭിമാന താരമാണ്. വഴിയിൽ കളഞ്ഞു കിട്ടിയ അര ലക്ഷം രൂപ യഥാർഥ ഉടമയെ കണ്ടെത്തി കൈമാറുക വഴി സമൂഹത്തിന് നല്ല മാതൃകയായത്. ചെങ്ങന്നൂർ കോടതി റോഡിലെ വാച്ചുകടയായ കല്ലൂത്ര ടൈംസിൽ അക്കൗണ്ടൻറ് ആയി ജോലി ചെയ്തുവരികയാണ് സലിന ബിനു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ വിറ്റുവരവു തുക നഗരത്തിലെ ബാങ്കിൽ അടച്ചു തിരികെ കടയിലേക്ക് വരുമ്പോഴാണ് കോടതി റോഡരുകിലെ നടപ്പാതയിൽ 500 രൂപയുടെ വലിയ ഒരു കെട്ട് ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന് താൻ ജോലി ചെയ്യുന്ന സ്ഥാപന ഉടമയെ വിവരം ധരിപ്പിച്ച് പണം കൊടുത്തു . പിന്നെ ഒട്ടും താമസിച്ചില്ല. നോട്ടു കെട്ട് ചെങ്ങന്നൂർ പൊലിസിൽ ഏൽപ്പിച്ചു . പൊലിസ് എണ്ണി തിട്ടപ്പെടുത്തിയപ്പോഴാണ് നോട്ടുകെട്ട് അമ്പതിനായിരം രുപയുടേതാണെന്ന് അറിഞ്ഞത് .
യഥാർഥ ഉടമയെ കണ്ടെത്താൻ സംഭവം സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു. അത് ഗുണം ചെയ്തു. ചെങ്ങന്നൂരിലെ പ്രകൃതി സൗഹൃദ സംഘടനയായ മണ്ണിരയുടെ ചീഫ് കോ-ഓർഡിനേറ്ററും മാർക്കറ്റ് റോഡിന് സമീപത്തെ ജി.കെ. സ്റ്റോഴ്സ് ഉടമയുമായ രഞ്ചുകൃഷ്ണന്റെ കയ്യിൽ നിന്നു നഷ്ടപ്പെട്ടതായിരുന്നു പണം എന്നു പൊലിസ് സ്ഥിരീ കരിച്ചു.
ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ മൂന്നു ലക്ഷം രുപയുടെ കെട്ടിൽ നിന്നാണ് അര ലക്ഷം വഴിയിൽ പോയത്. പാന്റ്സിന്റെ പോക്കറ്റുകളിലായി തിരുകിയായിരുന്നു പണം കൊണ്ടുപോയത്. വഴിയിൽ ഷൂസിന്റെ അഴിഞ്ഞ ലെയ്സ് കെട്ടാൻ കുനിയുമ്പോൾ താഴെ വീഴുകയായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ടതറിയാതെ രഞ്ചു കഷ്ണൻ ബാങ്കിലെത്തി മൂന്നു ലക്ഷം എഴുതിയ സ്ലിപ്പിനൊപ്പം കൈയിൽ ഇരുന്ന പണം കൗണ്ടറിൽ കൊടുക്കുകയും ചെയ്തു.
കാഷ്യർ പണം എണ്ണി നോക്കിയപ്പോൾ ആണ് അരലക്ഷം കുറവുണ്ടെന്നറിയുന്നത്.തുടർന്ന് പണം നഷ്ടപ്പെ വഴിയെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് കളഞ്ഞുകിട്ടിയ തുക പൊലിസിൽ ഏൽപിച്ച വിവരം സോഷ്യൽ മീഡിയവഴി അറിയുന്നത് .
യഥാർഥ ഉടമയെ തിരിച്ചറിഞ്ഞതോടെ തുക കഴിഞ്ഞ ദിവസം ഉച്ചയോടെ ചെങ്ങന്നൂർ സി.ഐ ; ജോസ് മാത്യു, എസ് .ഐ; എസ്.വി.ബിജു എന്നിവരുടെ സാന്നിധ്യത്തിൽ സലിന തുക കൈമാറുകയായിരുന്നു. ബിനു വിജയനാണ് സലിനയുടെ ഭർത്താവ്.ഒരു മകൻ – മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദികൃഷ്ണൻ .