തൃശ്ശൂര്‍:പത്രപ്രവര്‍ത്തനം ഒന്നാംക്ലാസില്‍ പാസായ ഒരാള്‍ പട്ടിപിടിത്തം ജീവിതമാര്‍ഗമായി സ്വീകരിക്കുക. കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ അല്‍പം പ്രയാസം തോന്നുമെങ്കിലും തൃശൂരുകാരി സാലിയുടെ ജീവിതം ഇതാണ്. കേരളത്തില്‍ നായ പിടിത്തം തൊഴിലായി സ്വീകരിച്ച ഏക വനിതയാണ് സാലി. നൂറു ശതമാനം സന്തോഷത്തോടെയും ആത്മാര്‍ഥതയോടെയുമാണ് നായ പിടിത്തത്തില്‍ സാലി സജീവമാകുന്നത്. ഒരു നായയെ പിടിച്ച് പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്ത് വന്ധ്യംകരിച്ച് തെരുവില്‍ വിട്ടാല്‍ കേരളത്തില്‍ തദ്ദേശ സ്ഥാപനം 1,300 രൂപ നല്കും. ഇതില്‍ തൃപ്തയാണ് സാലി.
തെരുവ് നായ്ക്കളെ കൈകൊണ്ട് പിടിക്കുന്നതാണ് സാലിയുടെ രീതി. ബിസ്‌കറ്റ് ഇട്ടു കൊടുത്ത് അടുത്തു കൂടും. പിന്നീട് കൈകൊണ്ട് പിടിച്ച് വണ്ടിയിലാക്കും. അക്രമാസക്തരായ നായകളെ മാത്രം ബട്ടര്‍ഫ്‌ലൈ വല കൊണ്ട് പിടികൂടുകയുള്ളൂ. വണ്ടിയില്‍ യാത്ര നായകള്‍ക്കൊപ്പം കൂട്ടിലിരുന്നും. ഏഴില്‍ പഠിക്കുമ്പോള്‍ ഒരു തെരുവ് നായ സാലിക്കൊപ്പം എന്നും സ്‌കൂളിലേക്കും തിരിച്ചും കൂട്ട് പോകുമായിരുന്നു. ഒരു ദിവസം സാലിയോടൊപ്പം വരികയായിരുന്ന നായയെ തെരുവ്‌നായ പിടിത്തക്കാര്‍ പിടികൂടി കണ്‍മുന്നില്‍ കൊന്നു. കൊല്ലരുതെന്ന് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ല. അന്ന് തീരുമാനിച്ചതാണ് നായ പിടിത്തക്കാരിയായി മാറി നായകളെ സംരക്ഷിക്കണമെന്ന്. അങ്ങനെ പട്ടികളെ വന്ധ്യംകരിച്ച് വീണ്ടും തെരുവില്‍ വിടുന്ന ജോലിയില്‍ സംതൃപ്തി കണ്ടെത്തുന്നു.
സാലിയുടെ പ്രവര്‍ത്തന മേഖല കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. എട്ടു സംസ്ഥാനങ്ങളില്‍ സാലി നായപിടിത്തം നടത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ മൃഗജനന നിയന്ത്രണ പദ്ധതി (എ.ബി.സി)ക്കായി തെരുവ് നായ്ക്കളെ പിടിച്ചത് സാലി ഒറ്റയ്ക്കാണ്. ഈ പ്രവര്‍ത്തനത്തിലൂടെ രാജ്യത്ത് മികച്ച പ്രവര്‍ത്തനം നടത്തുന്ന 100 വനിതകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് രാഷ്ട്രപതിയുടെ മെഡലും കിട്ടി. തൃശൂര്‍ വരടിയത്ത് താമസിക്കുന്ന സാലി പത്രപ്രവര്‍ത്തനം ഒന്നാംക്ലാസില്‍ പാസായ ശേഷമാണ് പട്ടിപിടിത്തത്തിലേക്കിറങ്ങുന്നത്.ഊട്ടിയിലെ ഡബ്ല്യു.വി.എസില്‍ നിന്ന് നായ പിടിത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായതാണ് നിര്‍ണ്ണായകമായത്. അതിനുശേഷമാണ് നായപിടിത്തം എന്ന തൊഴില്‍ കിട്ടിയത്.
ഇപ്പോള്‍ മലപ്പുറം ജില്ലാ പഞ്ചായത്തിനായി നായകളെ പിടിക്കുകയാണ് സാലി. സന്നദ്ധസംഘടനയായ ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണലാണ് ജില്ലയില്‍ പേവിഷ പ്രതിരോധ-മൃഗജനന നിയന്ത്രണ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി രണ്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന എട്ടംഗ സംഘമുണ്ട്. ഡോഗ് ക്യാച്ചര്‍ എന്ന തസ്തികയിലാണ് സാലിയുടെ പ്രവര്‍ത്തനം. ആറ് നായ പിടിത്തക്കാരില്‍ ഏക വനിതയും ഏക മലയാളിയുമാണ് സാലി. മലപ്പുറം ജില്ലയില്‍ മാത്രം ഏതാണ്ട് 1,000 നായ്ക്കളെ പിടികൂടി. നായ പിടിത്തക്കാരെ കിട്ടാനില്ലാത്തതിനാല്‍ സാലിക്ക് വലിയ ഡിമാന്റാണ്. മൃഗജനന നിയന്ത്രണ പദ്ധതി (എ.ബി.സി)ക്കായി പലയിടങ്ങളില്‍ നിന്നും വിളി വരുന്നുണ്ടെങ്കിലും എല്ലായിടത്തും ഓടിയെത്താന്‍ കഴിയുന്നില്ല എന്ന വിഷമത്തിലാണ് സാലി.