കോട്ടയം: മെഡിക്കൽകോളജ് ഭാഗത്ത് കറങ്ങി നടന്ന് മോഷണം നടത്തിയയാളെ ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു. തുലാപ്പള്ളി മാലിയിൽ സലി (52) ആണ് അറസ്റ്റിലായത്.ഗാന്ധിനഗർ ഭാഗത്ത് ‘വീട്ടിൽ ഉൗണ് ’നടത്തി വരുന്ന കൊല്ലംപറന്പിൽ ടോം ജോസ് എന്നയാളുടെ 5200രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഉൗണു കഴിക്കാനെത്തിയ പ്രതി ആളില്ലാത്ത തരം നോക്കി മേശ വലിപ്പിൽ നിന്നാണ് പണം തട്ടിയെടുത്തത്.
എന്നാൽ വീട്ടിലെ സിസിടിവി കാമറയിൽ പ്രതി പണം എടുക്കുന്നതിന്റെ വ്യക്തമായ ദൃശ്യം ലഭിച്ചു. പ്രതിയുടെ ചിത്രവുമായി പോലീസ് മെഡിക്കൽ കോളജ് പ്രദേശം അരിച്ചു പെറുക്കി. വാർഡുകളിൽ കയറിയിറങ്ങി തെരച്ചിൽ നടത്തിയപ്പോൾ ഇയാളെ പലരും കണ്ടതായി പറഞ്ഞു. ഇതോടെ പ്രതി സ്ഥലം വിട്ടുപോയിട്ടില്ലെന്നു വ്യക്തമായി. രാപ്പകൽ പോലീസ് പ്രതിക്കായി തെരച്ചിൽ തുടർന്നു.
ഇന്നലെ രാത്രിയിൽ ഇയാൾ വീണ്ടും മറ്റൊരു മോഷണത്തിനായി മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡ് പരിസരത്ത് എത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. രോഗി യുടെ കൂട്ടിരിപ്പു കാരൻ ചമഞ്ഞും തട്ടിപ്പ് നടത്തുക പതിവാണത്രേ. കോട്ടയം വെസ്റ്റ്, പന്തളം പോലീസ് സ്റ്റേഷനു കളിൽ ഇയാൾക്കെതിരേ മോഷണക്ക േസുണ്ട്.
ലോട്ടറി വിൽപ്പനക്കാരിയുടെ കൊലപാതകത്തെ തുടർന്ന് എസ്പി പി.എസ്.സാബു, ഡിവൈഎസ്പി ശ്രീകുമാർ എന്നിവരുടെ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ പോലീസ് ശക്തമായ പട്രോളിംഗ് ആരംഭിച്ചിരുന്നു. ആരെങ്കിലും അനധികൃതമായി ആശുപത്രിയിൽ തന്പടിച്ചാൽ അവരെ പൊക്കാനാണ് ഉന്നത ഉദ്യോഗസ്ഥർ നല്കിയ നിർദേശം. ഗാന്ധിനഗർ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിൽ എസ്ഐ റെനീഷ്, അഡീഷണൽ എസ്ഐ അനിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.