മ്പലപ്പുഴ: കൊറോണ ജീവിതം വഴിമുട്ടിച്ചപ്പോള്‍ കലാജീവിതം വിട്ട് മത്സ്യവില്പന തെരഞ്ഞെടുത്ത് ഒരു കലാകാരി.
മുഹമ്മ പഞ്ചായത്ത് രണ്ടാം വാര്‍ഡ് പുത്തനങ്ങാടി വാഴപ്പളളി വെളിയില്‍ കോളനിയില്‍ അപ്പുക്കുട്ടന്റെ ഭാര്യ സലി(59)യാണ് വിശപ്പടക്കാനും മരുന്നിനുമായി വേദനയോടെ തന്റെ കലാജീവിതത്തിനു വിരാമമിട്ടത്.
മറിയാ കമ്യൂണിക്കേഷന്‍സ്, ആലപ്പുഴ അനഘ തീയേറ്റര്‍, വൈക്കം ഭാരതി, കോട്ടയം അപ്സര തുടങ്ങി വിവിധ ബാലെ ട്രൂപ്പുകളില്‍ നിരവധി വര്‍ഷങ്ങളോളം അരങ്ങില്‍ വിസ്മയ പ്രകടനം കാട്ടിയ ഈ കലാകാരി വൈക്കം കുടവെച്ചൂര്‍ ദേവീ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ താത്കാലിക നൃത്താധ്യാപിക കൂടിയായിരുന്നു.
നാദസ്വര വാദകന്‍ കൂടിയായ ഭര്‍ത്താവ് അപ്പുക്കുട്ടന് 2018ല്‍ ഹൃദയാഘാതമുണ്ടായതോടെ സ്കൂളില്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. അതോടെ സ്കൂള്‍ അധികൃതര്‍ മറ്റൊരാളെ നിയമിച്ചു. സലിയുടെ ഈ വരുമാനവും നിലച്ചു.
പ്രളയ ശേഷം ബാലെ വേദികളില്‍ നിന്നുള്ള വരുമാനം ഇല്ലാതായതോടെയാണ് സലി റോഡരികില്‍ കക്കായിറച്ചി വില്പന ആരംഭിച്ചത്.
തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവിന് മരുന്നിനു മാത്രം മാസം മൂവായിരത്തിലധികം രൂപ കണ്ടെത്തണം. മുഹമ്മയില്‍ നിന്ന് അമ്പലപ്പുഴ കച്ചേരി മുക്കിലെത്തി ഡിവൈഡറിന്റെ സൈഡില്‍ വച്ചാണ് ഇവര്‍ കക്കായിറച്ചി വില്പന നടത്തുന്നത്.
മക്കളില്ലാത്ത സലി കുടുംബം പുലര്‍ത്താന്‍ വേണ്ടി പതിറ്റാണ്ടുകള്‍ നീണ്ട തന്റെ കലാജീവിതമാണ് അവസാനിപ്പിച്ചത്. കലാകാരന്മാര്ക്ക് സര്‍ക്കാര്‍ നല്കുന്ന ഒരു സഹായവും ഈ കലാകാരിക്ക് ലഭിച്ചിട്ടില്ല.
കോവിഡ് എല്ലാ മേഖലയെയും തളര്‍ത്തിയപ്പോള്‍ തകര്‍ന്നത് സലിയുടെയും ജീവിതമാര്‍ഗമായിരുന്നു.