അനുഗൃഹീത നടൻ മധു ജീവൻ നൽകിയ ചെമ്മീനിലെ പരീക്കുട്ടി നെഞ്ച് പൊട്ടി പാടുന്ന “മാനസമൈനേ വരൂ.. ‘ ഇന്നും വിങ്ങലോടെ ഏറ്റുപാടുന്നവരിൽ എത്രപേർ സലിൽ ചൗധരിയെ ഓർമിക്കാറുണ്ട് എന്നറിയില്ല. ബംഗാളിൽ ജനിച്ച് ആസാമിൽ വളർന്ന സലിൽ ചൗധരിയാണ് ഇന്നും മലയാളത്തെ കുത്തിനോവിക്കുന്ന മാനസമൈനേ എന്ന എക്കാലത്തേയും മലയാള സിനിമാ വിരഹഗാനത്തിന് പിന്നിൽ എന്ന് മറക്കാതിരിക്കുക.
എല്ലാ അതിരുകളും കടന്ന് മനുഷ്യത്വത്തിലേക്ക്, മനുഷ്യഹൃദയങ്ങളിലേക്ക്, ഏകതയിലേക്ക് പറന്നെത്തുന്നതാണ് സംഗീതമെന്ന് വിശ്വസിച്ചു സലിൽ ചൗധരി. ഈണം പകരുന്പോൾ മറ്റെല്ലാം മറന്ന് അനന്തമായ ചിറകുകൾ വിടർത്തി സംഗീതത്തിന്റെ മാത്രം ആകാശത്തിലേക്ക് പറന്നുയരുമായിരുന്നു സലിൽ ചൗധരി.
ഏറ്റവും സൂക്ഷ്മമായ, പരിപൂർണമായ സംഗീതം അത് മാത്രമേ ഉണ്ടാവുകയുള്ളു മനസിൽ. അതൊരു അന്വേഷണമോ പരീക്ഷണമോ ഒക്കെയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതവും പാശ്ചാത്യ സംഗീതവും ഉൾപ്പെടുന്ന ശാസ്ത്രീയ സംഗീതത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നുവെങ്കിലും സിനിമാ സംഗീതത്തിൽ താനൊരിക്കലും ശാസ്ത്രീയ അടിത്തറ ഉപയോഗിച്ചിട്ടില്ലെന്ന് സലിൽ ചൗധരി തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
ഹിന്ദി, ബംഗാളി, മലയാളം, തമിഴ്, ഗുജറാത്തി, തെലുങ്ക്, ഒറിയ, ആസാമീസ് തുടങ്ങിയ വ്യത്യസ്ത ഭാഷകളിൽ സലിൽദാ ചെയ്ത നൂറുകണക്കിന് ഗാനങ്ങൾ ഉണ്ട്. ഭാരതീയ, പാശ്ചാത്യ സംഗീതവും പുല്ലാങ്കുഴലും ട്രന്പറ്റും ഒന്നിക്കുന്നതും നാടൻ ശീലുകളും നൂതന സംഗീത തംരംഗങ്ങളും ഒത്തു ചേരുന്നതുമായ ഒരു സങ്കീർണത സലിൽ ചൗധരി സംഗീതത്തിൽ കലരുന്നുവെങ്കിലും അവയെല്ലാം വളരെ ലളിതമായി ആസ്വാദകനു അനുഭവിക്കാൻ കഴിയുന്നു എന്നതാണ് സത്യം. നിരൂപകർ എഴുതുന്നതും അങ്ങനെ തന്നെ.
പുല്ലാങ്കുഴലും ഹാർമോണിയവും തബലയും സരോദും പിയാനോയും എല്ലാം കൈകാര്യം ചെയ്തിരുന്ന കലാകാരൻ കൂടിയായിരുന്നു സലിൽ ചൗധരി. ഒരു ഗാനത്തിന്റെ പിറവി സംഗീതമാവണം എന്നും ആ സംഗീതത്തിൽ ഗാനരചയിതാവിന്റെ വരികൾ അലിയണം എന്നുമായിരുന്നു വിശ്വാസം. എന്നാൽ വരികൾ എഴുതിയ ശേഷം സലിൽ ചൗധരി സംഗീതം നൽകിയ സന്ദർഭങ്ങളിലും മനോഹര ഗാനങ്ങൾ തന്നെയായിരുന്നു പുറത്ത് വന്നത്.
ഭാഷയ്ക്കും അതിരുകൾക്കുമപ്പുറം എന്നും പറന്ന സലിൽദായുടെ മലയാള ഗാനങ്ങളിൽ മലയാളത്തനിമ തന്നെയാണ് തുടിച്ചു നിൽക്കുന്നത്. കടലിനക്കരെ പോണോരേ…, പൂവിളി പൂവിളി പൊന്നോണമായി…, പൂമാനം പൂത്തുലഞ്ഞേ…, ഇവിടെ കാറ്റിനു സുഗന്ധം…, മാടപ്രാവേ വാ…, കുറുമൊഴി മുല്ലപ്പൂവേ…, നീ വരു കാവ്യ ദേവതേ…, നീലപ്പൊന്മാനേ… അങ്ങനെ എത്രയെത്ര മധുരഗാനങ്ങൾ.
1995ൽ, അതായത് മരിക്കുന്ന അതേ വർഷം പുറത്തിറങ്ങിയ തുന്പോളി കടപ്പുറം എന്ന സിനിമയിലെ ഓളങ്ങളേ ഓടങ്ങളേ… എന്ന കെ.എസ്. ചിത്ര പാടിയ ഗാനത്തിൽ രാഗമഞ്ഞലിയുന്ന ഒരു അനുഭൂതിയുണ്ട്.
ഒഎൻവിയുമായി ചേർന്നും അതിമനോഹര മെലഡികൾ സലിൽ ചൗധരി തീർത്തിട്ടുണ്ട്. സ്വപ്നം എന്ന സിനിമയിൽ വാണി ജയറാം പാടിയ സൗരയൂഥത്തിൽ… എന്ന ഗാനത്തിന്റെ ഈരടികൾ സലിൽ ചൗധരി സൗരായുധത്തിൽ എന്ന് ഉറക്കെ പാടിയ രംഗം ഒൻഎൻവി കുറുപ്പ് പറഞ്ഞിട്ടുണ്ട്. ആയുധമല്ല സലിൽദാ സൗരയൂഥമാണ് എന്ന് എന്ന് താൻ തിരുത്തിയത് ചെറുചിരിയോടെയാണ് ഒഎൻവി ഓർമിക്കാറുണ്ടായിരുന്നത്.
1922 നവംബർ 19ന് വെസ്റ്റ് ബംഗാളിലെ ഗാസിപ്പൂരിലാണ് സലിൽ ചൗധരിയുടെ ജനനം (1925 എന്ന് ചിലയിടങ്ങളിൽ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നു). അച്ഛൻ ഗ്യാനേന്ദ്ര ചൗധരി ആസാമിലെ ഒരു തേയില തോട്ടത്തിൽ ഡോക്ടറായി പ്രവർത്തിച്ചിരുന്നതിനാൽ സലിലിന്റെ ബാല്യം ആസാമിലെ തേയിലത്തോട്ടങ്ങളിലായിരുന്നു. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്തിരുന്ന പാവപ്പെട്ട തൊഴിലാളികളെ പങ്കെടുപ്പിച്ച് ചില നാടകങ്ങൾ അച്ഛൻ അവതരിപ്പിച്ചിരുന്നു.
അന്ന് നാടകങ്ങളിൽ പുല്ലാങ്കുഴൽ വായിച്ചിരുന്നത് എട്ട് വയസുകാരൻ സലിൽ ആയിരുന്നു. വലിയ സംഗീത പ്രേമിയായ അച്ഛന്റെ കൈയിൽ ഇന്ത്യൻ സംഗീതത്തിന്റെയും പാശ്ചാത്യ സംഗീതത്തിന്റെയും വലിയൊരു ശേഖരമുണ്ടായിരുന്നു. ബീഥോവൻ, മൊസാർട്ട് തുടങ്ങിയ സംഗീത ഇതിഹാസങ്ങളുടെ സംഗീതം കേട്ട് വളർന്ന ബാല്യം അങ്ങനെ സലിൽ ചൗധരിക്ക് സ്വന്തമായി.
ഇതോടൊപ്പം ബംഗാൾ, ആസാം എന്നിവിടങ്ങളിലെ നാടൻ പാട്ടുകളും അച്ഛന്റെ ശേഖരത്തിൽ നിന്നു കേട്ടിരുന്നു. വീട്ടിലെ സംഗീതത്തിന്റെ അന്തരീക്ഷം തന്നെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് സലിൽ ചൗധരി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. മൂത്ത സഹോദരൻ നല്ലൊരു ഗായകനും വാദ്യ കലാകാരനുമായിരുന്നു. യൗവനകാലത്ത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആവേശ ഭരിതനായ സലിൽ ചൗധരി ഹിന്ദിയിലും ബംഗാളിയിലും ദേശഭക്തി ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്യുമായിരുന്നു.
വളരെ യാദൃശ്ചികമായാണ് ബിമൽ റോയിയുടെ ദോ ബിഘ സമീൻ എന്ന ഹിന്ദി സിനിമയിൽ എത്തുന്നത്. അന്പതുകളുടെ തുടക്കത്തിൽ റിക്ഷാവാല എന്ന ഒരു ചെറുകഥ എഴുതിയിരുന്നു. ഇക്കഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിമൽ റോയി എന്ന പ്രമുഖ സംവിധായകന്റെ അടുത്ത് സലിൽ എത്തിപ്പെടുന്നത്.
ഇതിന്റെ തിരക്കഥയും സലിൽ ചൗധരി തന്നെ എഴുതി. ഒരു സൗഹൃദ സായന്തനത്തിൽ ഹാർമോണിയം മീട്ടി സലിൽ ചൗധരി പാടുന്നത് കേട്ട് അദ്ഭുതപ്പെട്ട ബിമൽ റോയി തന്റെ ദോ ബിഘ സമീനിലെ സംഗീത സംവിധായകനായി സലിലിനെ നിയോഗിക്കുകയായിരുന്നു. സലിൽ ചൗധരിയുടെ പത്ത് ഇഷ്ട ഹിന്ദി ഗാനങ്ങളിൽ ആദ്യ സിനിമയായ ദോ ബിഘ സമീനിലെ ആജരി ആ നിന്ദിയ എന്ന ഗാനവും ഉൾപ്പെടുന്നു.
എസ്. മഞ്ജുളാദേവി