തലശേരി: സിപിഎം പ്രവര്‍ത്തകനായ ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ(30) കുത്തി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണയാണ് ജസ്റ്റിസ് സുനില്‍ പി. തോമസ് സ്റ്റേ ചെയ്തത്. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് സലീമിന്റെ പിതാവ് യൂസഫ് നല്കിയ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്തിട്ടുള്ളത്.
കൂടാതെ കേസില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.വെള്ളിയാഴ്ചയാണ് കേസ് ജസ്റ്റിസ് സുനില്‍ പി. തോമസ് പരിഗണിച്ചത്. നേരത്തെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.എന്‍ഡിഎഫ് പ്രവര്‍ത്തകരായ എട്ട് പേരാണ് നിലവില്‍ ഈ കേസില്‍ പ്രതികളായിട്ടുള്ളത്.
മൂന്നു പേരുടെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും കൊല്ലപ്പെടുന്നതിനു മുമ്പ് സലീമിനെ സിപിഎമ്മുകാരാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും മകന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്റെ ഉറവിടം മനസിലാക്കുന്നതിന് സലീമിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഏറെ ദുരൂഹതകളുള്ള ഈ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം നടത്തണമെന്നുമാണ് യൂസഫ് അഡ്വ. രാംകുമാര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ നല്കിയ ഹർജിയില്‍ പറഞ്ഞിട്ടുളളത്.
2008 ജൂലായ് 23 ന് രാത്രി 8.30 നാണ് ഹുസന്മൊട്ട ബസ് ഷെല്‍ട്ടറിനു സമീപം വച്ച് സലീം കൊല്ലപ്പെട്ടത്. പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സലീമിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. 39 സാക്ഷികളാണ് ഈ കേസിലുള്ളത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ സി.കെ ലത്തീഫ്, കെ.വി ലത്തീഫ്, പി.പി അബ്ദുള്ള, സക്കീര്‍ ഹുസൈന്, മുഹമ്മദ് ഇശാം, പി.നാസര്‍, ഷാബില്‍ എന്നിവരാണ് പ്രതികള്‍ . എട്ടാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ കേസ് ജുവനല്‍ കോടതിയുടെ പരിഗണനയിലാണുള്ളത്.