തലശേരി: സിപിഎം പ്രവര്ത്തകന് ന്യൂമാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ സലീമിനെ (30) കുത്തി കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് പിതാവ് യൂസഫ് നല്കിയ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് പിഷാരടിയാണ് ഇരു ഹർജികളും തളളിക്കൊണ്ട് ഇന്ന് രാവിലെ ഉത്തരവിട്ടത്. തലശേരിയിലെ പ്രമുഖ അഭിഭാഷകന് കെ.വിശ്വനെയാണ് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചിരുന്നത്. അഡ്വ.വിശ്വനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സലീമിന്റെ പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
കേസ് കഴിഞ്ഞദിവസം തലശേരി കോടതി വിചാരണയ്ക്കായി പരിഗണിച്ചെങ്കിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ വിചാരണ മാറ്റിവയ്ക്കണമെന്ന സലീമിന്റെ പിതാവ് നല്കിയ ഹർജിയെ തുടര്‍ന്ന് കേസ് 22 ലേക്ക് മാറ്റിയിരുന്നു. യൂസഫിന്റെ ഹർജികൾ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ 22 ന് കേസിന്റെ വിചാരണ തീയതി നിശ്ചയിക്കുമെന്നാണ് കരുതുന്നത്.
മൂന്ന് ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടാണ് സലീം കൊല്ലപ്പെട്ടിട്ടുളളതെന്നും സലീമിനെ സിപിഎമ്മുകാരാണ് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയതെന്നും പിന്നീട് മകന്റെ മൃതദേഹമാണ് കാണുന്നതെന്നും പിതാവ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
മകന്റെ ഫോണിലേക്ക് ഭീഷണി സന്ദേശമെത്തിയിരുന്നുവെന്നും ഇതിന്റെ ഉറവിടം മനസിലാക്കുന്നതിന് സലീമിന്റെ ഫോണ്‍ കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഏറെ ദുരൂഹതകളുള്ള കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ സിബിഐ അന്വേഷണം നടത്തണമെന്നുമായിരുന്നു യൂസഫിന്റെ ഹർജി.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയില്‍ നിലനില്‍ക്കെ കേസ് അട്ടിമറിക്കാനാണ് സ്പെഷല്‍ പ്രോസിക്യൂട്ടറെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതെന്നും അതിനാൽ വിശ്വനെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്നും യൂസഫ് ആവശ്യപ്പെട്ടിരുന്നു.
2008 ജൂലായ് 23 ന് രാത്രി 8.30 നാണ് ഹുസന്മൊട്ട ബസ് ഷെല്‍ട്ടറിനു സമീപം വച്ച് സലീം കൊല്ലപ്പെട്ടത്. പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ സലീമിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
39 സാക്ഷികളാണ് കേസിലുള്ളത്. എന്‍ഡിഎഫ് പ്രവര്‍ത്തകരായ സി.കെ ലത്തീഫ്, കെ.വി ലത്തീഫ്, പി.പി.അബ്ദുള്ള, സക്കീര്‍ ഹുസൈന്, മുഹമ്മദ് ഇശാം, പി.നാസര്‍, ഷാബില്‍ എന്നിവരാണ് പ്രതികള്‍. എട്ടാം പ്രതിക്ക് സംഭവ സമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇയാളുടെ കേസ് ജുവനല്‍ കോടതിയുടെ പരിഗണനയിലാണുള്ളത്.