ജൂണ്‍ 28നു ശേഷം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ത്; ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി സലിം ഇന്ത്യ; എഴുത്തുകാരന്‍ ദിലീപിനു വേണ്ടി മനുഷ്യാവകാശ കമ്മീഷനും പ്രധാനമന്ത്രിയ്ക്കും കത്തയച്ച ആള്‍

ദിലീപിന്റെ ജീവിതം പുസ്തകമാക്കാനൊരുങ്ങി എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സലിം ഇന്ത്യ. 2017 ജൂണ്‍ 28-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തുടങ്ങി പിറ്റേന്നു പുലര്‍ച്ചെ 1.15വരെ 13 മണിക്കൂര്‍ നേരം ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്ത സംഭവം മുതലുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച പ്രധാന മുഹൂര്‍ത്തങ്ങളെല്ലാം പുസ്തകത്തില്‍ ചേര്‍ക്കുമെന്ന് സലിം ഇന്ത്യ പറയുന്നു.

ജയില്‍ ജീവിതവും രണ്ടു മണിക്കൂര്‍ നേരത്തെ ശ്രാദ്ധവും വൈകാരിക സന്ദര്‍ഭങ്ങളുമെല്ലാം പുസ്തകത്തില്‍ പ്രതിപാദിക്കുമെന്നും സലിം ഇന്ത്യ അവകാശപ്പെടുന്നു. കേസിന്റെ നാള്‍വഴികള്‍ കൃത്യമായി അടയാളപ്പെടുത്തുമെന്നും ഇതിനായി കോടതിരേഖകള്‍ പ്രയോജനപ്പെടുത്തുമെന്നും കഥാകാരന്‍ പറയുന്നു. ദിലീപ് കേസില്‍ അകപ്പെട്ടപ്പോള്‍ പിന്നില്‍ നിന്നു കുത്തുകയും തേജോവധം ചെയ്യാന്‍ ഗൂഢാലോചന നടത്തിയവരുമായ എല്ലാവരെയും പുസ്തകത്തിലൂടെ വെളിയില്‍ കൊണ്ടുവരുമെന്നും ഇദ്ദേഹം പറയുന്നു. ദിലീപിന്റെ മനുഷ്യാവകാശങ്ങളെല്ലാം ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തെ തടവിലിട്ട് കൃത്രിമമായി തെളിവുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ചൂണ്ടിക്കാട്ടി സലിം ഇന്ത്യ കേരളാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കിയിരുന്നു. ദിലീപിന്റെ ഡി സിനിമാസ് തുറക്കും വരെ സമരം എന്നു പ്രഖ്യാപിച്ചു കൊണ്ട് സലിം ഇന്ത്യ നടത്തിയ ശയനപ്രദക്ഷിണവും നിരാഹാരസമരവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമായി സന്ദര്‍ശനം കര്‍ശനമാക്കിയിരുന്ന ആദ്യഘട്ടത്തില്‍ ബന്ധുവോ അഭിഭാഷകനോ അലാത്ത ഒരാള്‍ എന്ന നിലയില്‍ ദിലീപിനെ ആദ്യമായി ജയിലില്‍ പോയി കണ്ടത് സലിം ഇന്ത്യയായിരുന്നു. പിന്നീട് അന്വഷണ സംഘത്തിലെ ഉദ്യോഗസ്ഥന്മാരായ പെരുമ്പാവൂര്‍ സി.ഐ. ബൈജു പൗലോസ്, എസ്.പി സുദര്‍ശന്‍, ഡി.വൈ.എസ്.പി സോജന്‍ എന്നിവര്‍ക്കു മുമ്പാകെ സലിം മൊഴി നല്‍കിയിരുന്നു. ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത മുറിയിലിരുന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചത് മറക്കാനാവില്ലെന്നും സലിം ഇന്ത്യ പറയുന്നു.

ജനാധിപത്യത്തിലെ നാലാമത്തെ തൂണാണ് ഫോര്‍ത്ത് എസ്‌റ്റേറ്റ് അതിനാല്‍ തന്നെ മാധ്യമങ്ങളുടെ വെളിപ്പെടുത്തലുകളെ നിസാരവല്‍ക്കരിക്കാനാവില്ലെയെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ദിലീപിനെ അറസ്റ്റു ചെയ്ത ജൂലൈ 10 മുതല്‍ മിക്കവാറും എല്ലാ ദിവസവും ആലുവ സബ്ജയിലിനു മുമ്പില്‍ താന്‍ എത്താറുണ്ടെന്നും സൂപ്രണ്ടുമായും മറ്റു ജയില്‍ ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും നേരിട്ടും സംസാരിക്കാറുണ്ടെന്നും കാശില്ലാത്ത ദിവസങ്ങളില്‍ കടത്തിണ്ണകളിലും റെയില്‍വേ സ്‌റ്റേഷനിലും കിടന്നുറങ്ങിയിട്ടുണ്ടെന്നും സലിം പറയുന്നു. ദിലീപ് കൊതുകുകടിയേറ്റ് ജയിലില്‍ കഴിയുമ്പോള്‍ മുറിയെടുത്ത് സുഖകരമായിരുന്ന് ഗ്രന്ഥം രചിക്കുന്നത് ഉചിതമല്ല. അതുകൊണ്ട് ആലുവയിലെ തെരുവോരങ്ങളിലും റെയില്‍വേ സ്‌റ്റേഷനിലും ബസ് സ്റ്റാന്‍ഡിലുമൊക്കെയിരുന്ന് പുസ്തകം എഴുതി തീര്‍ക്കാനാണ് പദ്ധതിയെന്ന് ഇദ്ദേഹം പറയുന്നു.

13 മണിക്കൂര്‍,ജയില്‍ വാസം, ശ്രാദ്ധം കഴിഞ്ഞു, കാക്കകള്‍ പറന്നുപോയി… അധ്യയങ്ങളുടെ പേരുകള്‍ ഇങ്ങനെ പോകുന്നു. പുസ്തകത്തിന് ഇതുവരെ പേരിട്ടിട്ടില്ല. സാധാരണ ഒരു മലയാള സിനിമയുടെ ദൈര്‍ഘ്യം ഏകദേശം രണ്ടു മണിക്കൂറാണ്. ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധത്തിന് അനുവദിച്ചു കിട്ടിയ സമയവും രണ്ടു മണിക്കൂറാണ്. ചലച്ചിത്രവുമായി അസാധാരണമാം വിധം സാദൃശ്യമുള്ള പല സംഭവങ്ങളും ദിലീപിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ രക്ഷിക്കുന്നവനാണ് പുത്രന്‍. പിതവിന്റെ ആത്മാവിന് ശാന്തി കിട്ടാനാണ് ശ്രാദ്ധം. മൂന്നു തവണ ജലത്തില്‍ മുങ്ങിപ്പൊങ്ങണം. പക്ഷെ ദിലീപ് മുങ്ങിപ്പൊങ്ങിയത് സ്വാനുഭവങ്ങളുടെ തണുത്തുറഞ്ഞ ജലാശയത്തിലായിരുന്നു. ആലുവ മണപ്പുറത്തു പോകുവാന്‍ അദ്ദേഹത്തിന് അനുവാദമുണ്ടായിരുന്നില്ല. കൂടെ നിന്നവര്‍ പിന്നില്‍ നിന്നു കുത്തിയതും പലരും ആലുവാ മണപ്പുറത്തുവച്ചു കണ്ട പരിചയം പോലും നടിക്കാഞ്ഞതും പുസ്തകത്തിലുണ്ട്. പുസ്തകം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് തന്റെ പദ്ധതിയെന്ന് സലിം ഇന്ത്യ പറയുന്നു.

 

Related posts