മലയാളക്കരയുടെ ഹാസ്യചക്രവർത്തി സലിംകുമാർ തന്റെ പേരിനുപിന്നിലെ കഥപറഞ്ഞത് മറ്റൊരു തമാശയായി ആരാധകർ ഏറ്റെടുത്തു. താൻ ഹിന്ദുവാണോ മുസ്ലിമാണോ എന്ന ചോദ്യങ്ങൾ അഭിമുഖങ്ങളിൽ ധാരാളം കേട്ടിട്ടുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിലാണ് സലിംകുമാർ തന്റെ പേരിന്റെ കഥ പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ: “സഹോദരൻ അയ്യപ്പന് എന്റെ ജീവിതവുമായി എന്താണ് ബന്ധമെന്നു ചോദിച്ചാൽ എന്റെ പേരു തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. അന്നത്തെ കാലത്തെ ചെറുപ്പക്കാർ സഹോദരൻ അയ്യപ്പന്റെ വിപ്ലവപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി സ്വന്തം മക്കൾക്ക് ജാതി തിരിച്ചറിയാൻ കഴിയാത്ത പേരുകളിടാൻ തുടങ്ങി. ഉദാഹരണത്തിന് എന്റെ പേര് സലിം.
പേരിനൊപ്പം കുമാർ വന്നതും പറയാം. ചിറ്റാറ്റുപുര എൽപിഎസിൽ ചേരാൻ ചെന്നപ്പോഴാണ് എന്റെ പേരു ഹിന്ദുവാക്കി പരിഷ്കരിച്ചത്. സലിം എന്നു പേരു പറഞ്ഞപ്പോൾ, പേര് പ്രശ്നമാണെന്നും ഇത് ഹിന്ദു കുട്ടിയല്ലേ എന്നും ചോദിച്ചു.
ഒടുവിൽ അധ്യാപകർതന്നെ പരിഹാരവും കണ്ടെത്തി. പേരിനൊപ്പം കുമാർ എന്ന് കൂടി ചേർത്തു. അങ്ങനെ കുമാർ ചേർത്ത് പരിഷ്കരിച്ച് എന്നെ ഹിന്ദുവാക്കി. അഞ്ചാം ക്ലാസുവരെയും ഞാൻ മുസ്ലിമായിരുന്നു. അഞ്ചാം ക്ലാസിനുശേഷം ഞാൻ അങ്ങനെ വിശാല ഹിന്ദുവായി- ചിരിച്ചുകൊണ്ട് സലിംകുമാർ പറഞ്ഞു.