മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്! പിഷാരടിയുടെ കാര്യമെടുത്താല്‍ മീന്‍ കഴിക്കാത്ത മീന്‍കച്ചവടക്കാരന്‍; രസിപ്പിച്ച് സലിം കുമാറിന്റെ ഉദ്ഘാടന പ്രസംഗം

മിമിക്രി വേദികളിലൂടെ വളര്‍ന്ന്, സ്വതസിദ്ധമായ നര്‍മാവതരണങ്ങളിലൂടെ മലയാള സിനിമാസ്വാദകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടന്‍ ധര്‍മജന്‍. കൊമേഡിയനായി തുടങ്ങിയ ധര്‍മജന്‍ ഇപ്പോള്‍ ഗായകനായും നിര്‍മാതാവായുമെല്ലാം തിളങ്ങിക്കഴിയുകയും ചെയ്തു.

എന്നാല്‍ ഈയടുത്ത നാളുകളില്‍ ധര്‍മജന്‍ വാര്‍ത്തകളില്‍ നിറയുന്നത്, കേരളത്തിന്റെ വിവിധ കോണുകളിലായി ധര്‍മജന്‍ തുടക്കമിട്ടിരിക്കുന്ന മത്സ്യക്കടകളുടെ പേരിലാണ്. കച്ചവടത്തില്‍, പ്രത്യേകിച്ച് മീന്‍ കച്ചവടത്തില്‍ തനിക്കുള്ള താത്പര്യം കൊണ്ടാണ് അത് തുടങ്ങണമെന്ന് ധര്‍മജന്‍ തീരുമാനിച്ചത്. കൊച്ചിയിലെ ഷോപ്പ് വിജയമായതോടെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തില്‍ വെണ്ണലയില്‍, രമേഷ് പിഷാരടി ഫ്രാഞ്ചൈസി ഏറ്റെടുത്ത ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉത്ഘാടനം നിര്‍വഹിച്ചുകൊണ്ട് സലിം കുമാര്‍ പറഞ്ഞ പ്രസംഗമാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെങ്ങും തരംഗമായിരിക്കുന്നത്. ധര്‍മജന്‍ അംബാനിയെപ്പോലെയാണെന്ന് തുടങ്ങുന്ന പ്രസംഗമാണ് അവരുടെയെല്ലാം ആരാധകരെ രസിപ്പിച്ചുകൊണ്ടിരിക്കുന്നത്. സലിം കുമാറിന്റെ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ…

”പിഷാരടി എന്റെ ശിഷ്യനും പ്രസാദ് ഏട്ടന്‍ എന്റെ ആശാനുമാണ്. ഇതൊരു ചരിത്രനിമിഷമാണെന്നു ഞാന്‍ പറയും. കാരണം ബ്രാഹ്മണനായ മനുഷ്യന്‍ ലോകത്തില്‍ ആദ്യമായി മീന്‍ കച്ചവടം തുടങ്ങിയിരിക്കുന്നു. വളരെ വിപ്ലവകരമായൊരു നിമിഷത്തിനാണ് നിങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. നിങ്ങളുടെ എല്ലാവിധ പിന്തുണയും ഇവര്‍ക്ക് ആവശ്യമാണ്.

ധര്‍മൂസ് എന്നാണ് കടയുടെ പേര്. മത്സ്യത്തിന്റെ കാര്യത്തില്‍ ധര്‍മജന്‍ ഇപ്പോള്‍ മുകേഷ് അംബാനിയെപ്പോലെയാണ്. അടുത്തത് ടിനി ടോം തുടങ്ങാന്‍ പോകുന്നു. ഇവിടെ വന്ന് വിലവിവരങ്ങളൊക്കെ അന്വേഷിക്കുന്നത് കേട്ടു. നാദിര്‍ഷായും ദിലീപും കൂടി കളമശേരിയില്‍ തുടങ്ങുന്നു. അങ്ങനെ സിനിമാക്കാര് മുഴുവന്‍ മീന്‍ കച്ചവടത്തിനു ഇറങ്ങുകയാണ്.

പിഷാരടി മീന്‍ കട തുടങ്ങുന്നുവെന്ന് കേട്ടപ്പോള്‍ എന്റെ ഭാര്യയും ഞെട്ടിപ്പോയി. പിഷാരടി എന്റെ വീട്ടില്‍ വളര്‍ന്നൊരു മനുഷ്യനാണ്. അന്ന് എല്ലാവര്‍ക്കും മീന്‍ കറി വിളമ്പുമ്പോള്‍ പിഷാരടിക്ക് മാത്രം വെജിറ്റബിള്‍. അങ്ങനെയുള്ള ആള്‍ എങ്ങനെ മീന്‍ കട തുടങ്ങുവെന്നായിരുന്നു അവളുടെ ചോദ്യം. അടുത്ത സംശയം കട ഉദ്ഘാടനം നാട മുറിച്ചാണോ എന്നും. അപ്പോള്‍ ഞാന്‍ പറഞ്ഞു, അവന്‍ സൈക്കിളിലിരിക്കും ഞാന്‍ കോട്ടണിഞ്ഞ് മീന്‍ മീന്‍ എന്നു വിളിച്ചുപറഞ്ഞാകും ഉദ്ഘാടനം എന്ന്.

ഇതൊരു വലിയ ബിസിനസ്സുതന്നെയാണ്. ഇങ്ങനെ മുന്നോട്ടുപോയി കഴിഞ്ഞാല്‍ ഭാവിയില്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ സൈക്കിളില്‍ നടന്ന പൂയ്..പെടക്കണ ചാളയുണ്ട് എന്നു പറയുന്ന കാലം വരുമെന്നാണ് തോന്നുന്നത്. ഇതിനു തുടക്കം കുറിച്ച ധര്‍മജനും ധര്‍മജന്റെ പാത തുടരുന്ന പിഷാരടിക്കും പ്രസാദ് ഏട്ടനും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു”.

”കഴിഞ്ഞ ജൂലൈ അഞ്ചിനാണ് പതിനൊന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ സംരംഭത്തിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ കൃത്യം നാലുമാസം പിന്നിടുമ്പോള്‍ നാലാമത്തെ ഷോപ്പിന്റെ ഉദ്ഘാടനമാണ്. അതില്‍ വലിയ സന്തോഷം. നാലാമത്തെ ഷോപ്പ് പിഷാരടിയാണ് നടത്തുന്നതെന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും ആകാംക്ഷയായിരുന്നു. മീന്‍ കൂട്ടാത്ത ഒരാള്‍ എങ്ങനെ ഇതു തുടങ്ങും. മീന്‍ കഴിച്ചില്ലെങ്കിലെന്താ നല്ല മീന്‍ കൊടുക്കാന്‍ കഴിയുമല്ലോ”, ധര്‍മജന്‍ പറയുന്നു.

”ധര്‍മജന്‍ ബുദ്ധിമാന്‍ തന്നെയാണ്. ജൂണ്‍ 15ന് ലണ്ടനില്‍ ഞങ്ങളൊരു പരിപാടിക്ക് പോയപ്പോള്‍ ഇവന്‍ എന്നെ നിര്‍ബന്ധിച്ച് മീന്‍ തീറ്റിച്ചു. അവിടെ നിന്നാണ് ഇതുതുടങ്ങുന്നത്. അതിനുശേഷം വെള്ളപ്പൊക്കം വന്ന് ഡിസംബര്‍ വരെയുള്ള പരിപാടികള്‍ റദ്ദാക്കിയെന്ന് അറിയുമ്പോള്‍ ഇവനൊരു ഞെട്ടലുമില്ല, കാരണം ഇവന് മീന്‍കടയില്‍ നിന്നു കാശ് കിട്ടുന്നുണ്ട്. അങ്ങനെയാണ് മീന്‍കടയിലേയ്ക്ക് ഞാനും എത്തുന്നത്”, നര്‍മം വിടാതെ പിഷാരടി പറഞ്ഞു.

Related posts