സിനിമയ്ക്കപ്പുറം ജൈവകൃഷിയിലൂടെ ശ്രദ്ധേയനായ താരമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍. ഇപ്പോഴിതാ, ജൈവകാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്കൊപ്പം രാസവസ്തുക്കള്‍ ചേര്‍ക്കാത്ത മത്സ്യം വിപണിയിലെത്തിച്ചിരിക്കുകയാണ് ശ്രീനിവാസന്‍.
തൃപ്പൂണിത്തുറ കണ്ടനാടാണ് ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള മത്സ്യവിപണന കേന്ദ്രം തുടങ്ങിയത്. കടയുടെ ഉദ്ഘാടനം നിര്‍വഹിച്ചതാകട്ടെ, സലിം കുമാറും. എന്നാല്‍ കടയുടെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയ ശ്രീനിവാസനെയും സലിം കുമാറിനെയും മാധ്യമങ്ങള്‍ ചെറിയൊരു ചൂണ്ടയില്‍ കുടുക്കാന്‍ ശ്രമിക്കുകയുണ്ടായി.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ ഇരുവരുടെയും നേര്‍ക്ക് വലവീശല്‍ നടത്തിയത്. എന്നാല്‍ രണ്ടുപേരും അവയില്‍ നിന്ന് തന്ത്രപൂര്‍വം ഒഴിവാകുകയായിരുന്നു.
ഹര്‍ത്താല്‍ ദിവസങ്ങളില്‍ ഈ കട തുറന്ന് പ്രവര്‍ത്തിക്കുമോ എന്ന ചോദ്യത്തില്‍ ശ്രീനിവാസന്‍ ആദ്യമൊന്ന് പകച്ചെങ്കിലും ഹര്‍ത്താല്‍ രാഷ്ട്രീയമല്ലേ എന്ന് ചോദിച്ച് പൊട്ടിച്ചിരിച്ചുകൊണ്ട് പതിയെ വലിഞ്ഞു. കറുത്തവസ്ത്രം ധരിച്ച് കോളജില്‍ പരിപാടിയ്ക്ക് പോയതിനെക്കുറിച്ചായിരുന്നു സലിം കുമാറിനോടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം.
അത് തികച്ചും യാദൃശ്ചികമായിരുന്നു എന്നും കോളജിലേയ്ക്ക് യാത്ര തിരിച്ച് കഴിഞ്ഞപ്പോഴാണ് കറുത്ത ഷര്‍ട്ടാണെന്ന് തിരിച്ചറിഞ്ഞതെന്നും കൂടാതെ കറുത്ത ഷര്‍ട്ടുകളാണ് തനിക്ക് കൂടുതലെന്നും സലിം കുമാര്‍ പറഞ്ഞു. രണ്ട് പതിറ്റാണ്ടോളമായി മല്‍സ്യകൃഷിയില്‍ സജീവമാണെങ്കിലും മല്‍സ്യവിപണനരംഗത്തേക്ക് തല്‍ക്കാലമില്ലെന്നാണ് സലിംകുമാറിന്റെ നിലപാട്.