തൃക്കരിപ്പൂർ : ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശത്തിൽ നാടെങ്ങും മുങ്ങിയപ്പോൾ വീടിന്റെ ചോർച്ച തടയാൻ ഫ്ലക്സുകൾ ചോദിച്ചെത്തിയ നിർധന കുടുംബത്തിന് വീടിന്റെ അറ്റകുറ്റപ്പണി നടത്താൻ സഹായവുമായി ഒരു കൂട്ടം യുവാക്കൾ രംഗത്തിറങ്ങി.
വൃദ്ധരും രോഗികളുമായ രണ്ടു പേരടങ്ങുന്ന തൃക്കരിപ്പൂർ പേക്കടത്തെ ഒരു നിർധന കുടുംബത്തിന്റെ ദുരിതം അകറ്റാനാണ് അവർ കൈകോർത്തത്. വീടിനുള്ളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന വെള്ളം തടയാനായി വീടിന്റെ മുകളിൽ ഇടാനാണ് സലീം ഫ്ലക്സ് ആവശ്യപ്പെട്ടത്.
ആവശ്യം അറിഞ്ഞയുടൻ യുവാക്കൾ തങ്ങളുടെ നാട്ടിൽ സജീവമായ ലൈവ് ബീരിച്ചേരി വാട്സാപ്പ് ഗ്രൂപ്പിൽ ഈ കാര്യം അവതരിപ്പിക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടുകയും വീടിന് ആവശ്യമായ പണി യുവാക്കളുടെ ഈ കൂട്ടായ്മ ആരംഭിക്കുകയും ചെയ്തു.
സലീം ഭാര്യ കെ.എസ്.സുബൈദ എന്നിവർ താമസിക്കുന്ന കൊച്ചു വീട്ടിലാണ് സഹായവുമായി യുവാക്കൾ എത്തിയത്. പേക്കടത്ത് നാലു സെന്റ് ഭൂമിയിൽ തകർന്നു ചോർന്നൊലിക്കുന്ന വീട്ടിൽ കഴിഞ്ഞ 20 വർഷമായി താമസിക്കുന്ന ഇവർക്ക് വീടിന്റെ ചോർച്ച മാറ്റാനോ എന്തിന് തകർന്നുവീണ അടുക്കളയുടെ അടുപ്പ് പുനസ്ഥാപിക്കാനോ പോലും കഴിയുന്ന അവസ്ഥയിലല്ല.
ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ ബീരിച്ചേരിയിലെ യുവാക്കൾ ഇവരുടെ കുടുംബത്തെ സഹായിക്കാൻ കഴിഞ്ഞ ദിവസം തീരുമാനിച്ചു രംഗത്തിറങ്ങി. ഇന്നലെ വീടിനുള്ളിൽ ചോർന്നിറങ്ങുന്ന വെള്ളം ഒഴിവാക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. രണ്ടു ആണ് മക്കളുണ്ടെങ്കിലും വിവാഹിതരായി പോയ ശേഷം അപൂർവമായേ ഇവിടേയ്ക്ക് എത്താറുള്ളൂവെന്നു സലീമുംസുബൈദയുംപറയുന്നു.