അനുകരണകലാ മത്സരത്തിൽ കാൽ നൂറ്റാണ്ടു മുൻപ് നടൻ സലിം കുമാർ സ്ഥാപിച്ച ഹാട്രിക് നേട്ടം ഇനി പഴങ്കഥ.
തേവര എസ്എച്ച് കോളജിലെ ബിഎ സോഷ്യോളജി വിദ്യാർഥി അമൽ അശോക് തുടർച്ചയായ നാലാം വർഷവും നേടിയ ഒന്നാം സ്ഥാനത്തോടെയാണു സലിംകുമാറിന്റെ ഹാട്രിക് വിജയത്തെ അട്ടിമറിച്ചത്.
കലാലയ ജീവിതം തുടങ്ങിയ 2016ൽ അൽ അസ്ഹർ കോളജിൽ നടന്ന കലോൽസവത്തിൽ മിമിക്രി മത്സരത്തിൽ തുടങ്ങിയ വിജയമാണ് വീണ്ടും ഇതേ കോളജിലെത്തിയ കലോൽസവത്തിലും തുടരുന്നത്.
1993, 94, 95 വർഷങ്ങളിലാണ് സലിംകുമാർ എംജി കലോൽസവത്തിൽ മിമിക്രിക്ക് ഒന്നാമത്തെത്തിയത്. കാലടി ശ്രീശങ്കര കോളജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കുന്പോഴാണ് അമൽ തുടർച്ചയായ മൂന്നു വർഷം ഒന്നാമതെത്തിയത്.
ഇതോടെ ടിവി അഭിമുഖത്തിൽ സലിം കുമാർതന്നെ തന്റെ റിക്കാർഡ് അമൽ ഭേദിക്കുമെന്നു പറഞ്ഞിരുന്നു. തേവര കോളജിൽ വീണ്ടും ഇരട്ട ബിരുദ പഠനത്തിനായി ചേർന്നാണ് നാലാമതു മത്സരിച്ചത്.
അഞ്ചു മിനിറ്റിനുള്ളിൽ നാൽപതോളം വ്യത്യസ്ത ശബ്ദങ്ങൾ അവതരിപ്പിച്ചാണ് അമൽ ഒന്നാമതെത്തിയത്. മിമിക്രിയുടെ ബാല പാഠങ്ങൾ പകർന്നു നൽകിയത് മേസ്തിരിപ്പണിക്കാരനായ പിതാവ് അശോകനാണ്.
പിന്നീട് കാതിൽ കേൾക്കുന്ന ഏതു ശബ്ദങ്ങളും അമലിന്റെ നാവിൻതുന്പത്തായി. രണ്ടു തവണ സൗത്ത് സോണ്‍ ഇന്റർ യൂണിവഴ്സിറ്റി കലോൽസവത്തിലും നാഷണൽ ഇന്റർ യൂണിവഴ്സിറ്റി കലോത്സവത്തിലും വിജയിയായി.
അങ്കമാലി ഏഴാറ്റുമുഖം പേരുക്കുട്ടി അശോകന്റെയും ലൗലിയുടെയും മകനാണ്. സഹോദരി അൽക്ക.