ചലച്ചിത്രലോകത്തിന് ഒരു പ്രത്യേകതയുണ്ട്. സിനിമയില്‍ കത്തിനില്‍ക്കുന്ന സമയമാണെങ്കിലും കുറച്ചുകൂടുതല്‍ നാളുകള്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നാല്‍ പ്രേക്ഷകര്‍ ആ അഭിനേതാവിനെ മറക്കും. പിന്നീട് എത്രശക്തമായ കഥാപാത്രവുമായി തിരിച്ചുവന്നാലും പഴയ പ്രതാപം വീണ്ടെടുക്കാന്‍ സാധിക്കില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഒരാഴ്ച സിനിമകളില്‍ നിന്ന് മാറി നിന്നാല്‍ മറന്നുപോകുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു മലയാള സിനിമയിലെ ഹാസ്യാവതരണത്തിന് പുതിയ മാനം നല്കിയ സലീംകുമാറിന്റെ കാര്യം. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ മൂന്ന് വര്‍ഷം സിനിമയില്‍ നിന്ന് അകന്നുകഴിഞ്ഞിട്ടും തന്റെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിറുത്തിയവരാണ് ട്രോളന്മാരെന്ന് നടന് സലീംകുമാര്‍ പറയുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ദേശീയ കാര്‍ട്ടൂണ്‍ മേളയോടനുബന്ധിച്ച് ‘സലീംകുമാറും ട്രോളര്‍മാരും’ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.
താന്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ തന്നെ കാരണമായത് ഇവരുടെ ട്രോളുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ ഇന്റര്‍നാഷണല്‍ ചളു യൂണിയന് (ഐസിയു)ന്റെ അമരക്കാരായ ഋഷികേശ്, കെ എസ് ബിനു, പ്രിയ, ആരിഫ് അബ്ദുള്‍ഖാദര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരോടൊപ്പമായിരുന്നു സംവാദ പരിപാടി അരങ്ങേറിയത്. ട്രോള്‍ അല്ല ഞങ്ങള്‍ ഉണ്ടാക്കുന്നത്, മീമുകള്‍ ആണെന്നും, അവയ്ക്ക് ഞങ്ങള്‍ നല്കിയ പേരാണ് ചളിയെന്നും സംവാദത്തില്‍ ഐസിയു അഡ്മിന്‍സ് വിശദീകരിച്ചു. ട്രോള്‍ എന്ന വാക്ക് ഒരു നെഗറ്റീവ് മീനിംഗ് ഉള്ള വാക്കാകയാല്‍, ട്രോള്‍ ഗ്രൂപ്പ്/പേജ് എന്ന് ഐസിയുവിനെയും ട്രോളന്മാര് എന്ന് ഞങ്ങളെയും വിശേഷിപ്പിക്കുന്നത് ശരിയല്ലെന്നും ചളു ഗ്രൂപ്പ് എന്നും ചളിയന്മാര് എന്നും അറിയപ്പെടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാട്ട്സ്ആപ്പില്‍ തനിക്ക് ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് തന്റെ കഥാപാത്രങ്ങളെ ഉപയോഗിച്ച് ഉണ്ടാക്കിയ ട്രോളുകളാണെന്ന് സലിം കുമാര്‍ പറഞ്ഞു. എല്ലാ ട്രോളുകളും ആദ്യകാഴ്ചയില്‍ തന്നെ ചിരിപ്പിക്കാറുണ്ട്. ട്രോളുകള്‍ ഉണ്ടാക്കിയത് ആരാണെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും അവ ആസ്വദിക്കുക മാത്രമാണ് ചെയ്യാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയകാലഘട്ടത്തിലെ ആക്ഷേപഹാസ്യമാണ് ട്രോളുകളെന്നും സാമൂഹികവിഷയങ്ങളോട് പ്രതികരിക്കാനായി ട്രോളുകളെ ഉപയോഗിക്കുന്നത് നല്ല കാര്യമാണെന്നും സലീമകുമാര് പറഞ്ഞു.