എന്റെ ആ പരാതികേട്ട് അമൃതാനന്ദമയി അരമണിക്കൂറോളം പൊട്ടിച്ചിരിച്ചശേഷം മോനെ എനിക്ക് വേണമെന്ന് പറഞ്ഞു! താന്‍ അമൃതാനന്ദമയിയുടെ ഭക്തനാകാനുണ്ടായ കാരണം വെളിപ്പെടുത്തി നടന്‍ സലിംകുമാര്‍

അമൃതാന്ദമയിയുടെ കടുത്ത ആരാധകനായി താന്‍ മാറിയ കഥയും തന്റെ തമാശ കേട്ട് അരമണിക്കൂറോളം അമൃതാനന്ദമയി പൊട്ടിച്ചിരിച്ച സംഭവവും പങ്കുവെച്ച് നടന്‍ സലിം കുമാര്‍. അമൃത ആശുപത്രിയില്‍ വെച്ച് കരള്‍ രോഗത്തിന്റെ ഓപ്പറേഷന്‍ നടക്കാനിരിക്കെ പണത്തിന്റെ ബുദ്ധിമുട്ടുണ്ടായപ്പോള്‍ അമൃതാനന്ദമയിയെ ആദ്യമായി കാണാന്‍ ചെന്ന അനുഭവമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സലിം കുമാര്‍ വെളിപ്പെടുത്തിയത്. ആത്മാഭിമാനിയായ തനിക്ക് അമ്മയ്ക്ക് മുന്നില്‍ ചെന്ന് ദാരിദ്ര്യം പറയാന്‍ മടിയായിരുന്നെന്നും ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ഒരു കോമഡി അടിച്ചുവിടുകയായിരുന്നെന്നും സലിം കുമാര്‍ പറയുന്നു. സലിം കുമാറിന്റെ ആ വാക്കുകളിങ്ങനെ…

കരള്‍ രോഗത്തിന്റെ ഓപ്പറേഷന്‍ അമൃത ഹോസ്പിറ്റലിലാണ് നടക്കുന്നത്. വലിയ പൈസ വേണ്ടിവരും. അപ്പോള്‍ അവിടുത്തെ ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മയെ പോയി കാണണം. ആത്മാഭിമാനിയായ ഞാന്‍ ചെന്ന് അമ്മയോട് എന്താണ് പറയേണ്ടത് ദാരിദ്ര്യമാണ് എന്ന് പറയാന്‍ പറ്റില്ലല്ലോ? എന്നെ സഹായിക്കണം എന്നും പറയില്ല. ഇന്നുവരെ ആരുടെ അടുത്തുപോലും പറഞ്ഞിട്ടില്ല എന്റെ അച്ഛന്റെ അടുത്തോ, ബന്ധുക്കളുടെ അടുത്തോ സഹോദരങ്ങളുടെ അടുത്തോ പറഞ്ഞിട്ടില്ല എന്നെ സഹായിക്കണമെന്ന്. മരണം വരെ പോകുകയും ചെയ്യില്ല. ഡോക്ടര്‍മാരുടെ നിര്‍ബന്ധപ്രകാരം ഞാന്‍ അമ്മയെ കാണാന്‍ ചെന്നു. ഇരിക്കാന്‍ പറഞ്ഞു. എന്താണ് വന്നത് അമ്മയോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു.

എനിക്കൊരു പരാതിയുണ്ട് എന്ന് പറഞ്ഞപ്പോള്‍ മോന്‍ പറഞ്ഞോളാന്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്. എനിക്കിപ്പോള്‍ 46 വയസായി. അമൃതാ ഹോസ്പിറ്റലിലെ രജിസ്റ്ററില്‍ 56 വയസാണ് അതൊന്നു മാറ്റിത്തരണം എന്ന് പറഞ്ഞു. ഇതുകേട്ടതും അമ്മ അര മണിക്കൂറോളം ചിരിച്ചു. എന്നിട്ടു പറഞ്ഞു. പൈസയുടെ കാര്യത്തില്‍ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റായി ഓപ്പറേഷന്‍ ചെയ്യുക. മോനെ എനിക്ക് വേണം. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരാള് പറയുന്നത്. അന്നു മുതല്‍ അമൃതാനന്ദമയിയുടെ ഭക്തനായി. പിന്നീട് ഞാന്‍ ആലോചിച്ചു. എന്തുകൊണ്ടായിരിക്കും അമ്മ അങ്ങനെ പറഞ്ഞത്. ചെല്ലുന്ന എല്ലാ ആളുകള്‍ക്കും ദുരന്തകഥകളാകും പറയാനുള്ളത്. അതിനിടെയാണ് ഞാന്‍ ഈ കോമഡിയുമായി ചെല്ലുന്നത്.’സലിം കുമാര്‍ പറയുന്നു.

 

Related posts