സമ്മാനമായി പണം നല്‍കാന്‍ തുനിഞ്ഞപ്പോള്‍ ഓര്‍ത്താല്‍ മാത്രം മതിയെന്നായിരുന്നു അവര്‍ പറഞ്ഞത്! പ്രളയം പല പാഠങ്ങളും മലയാളിയെ പഠിപ്പിക്കുകയായിരുന്നു; സ്വന്തം അനുഭവം വിവരിച്ച് നടന്‍ സലിംകുമാര്‍ പറയുന്നു

പണത്തിനും പദവിക്കും പാണ്ഡിത്യത്തിനും ജീവിതത്തില്‍ നിസാരമായ വില മാത്രമേ ഉള്ളുവെന്നും ഇതിനെല്ലാം മുമ്പില്‍ തോറ്റുപോവുന്ന ഒന്നാണ് ജീവനു വേണ്ടിയുള്ള കൊതിയെന്നും മലയാളി തിരിച്ചറിഞ്ഞ ചില നാളുകളായിരുന്നു ഇക്കഴിഞ്ഞത്. ഇക്കാര്യം സ്വന്തം അനുഭവം വിവരിച്ച് മലയാളിക്ക് പറഞ്ഞുകൊടുക്കുകയാണ് പ്രിയതാരം സലിംകുമാര്‍.

തന്റെയുള്‍പ്പെടെ നിരവധിയാളുകളുടെ ജീവന്‍ രക്ഷിച്ച മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്നതിനായി വൈപ്പിന്‍ ഗോശ്രീ ജംക്ഷനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കവെയാണ് സലിം കുമാര്‍ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പണം ഒന്നുമല്ലെന്ന് തെളിയിക്കാന്‍ ഒരു മത്സ്യതൊഴിലാളി വേണ്ടി വന്നു.

എന്നെ രക്ഷിച്ച മത്സ്യതൊഴിലാളികള്‍ക്ക് 5000 രൂപ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ പണമൊന്നും വേണ്ടെന്നും ഓര്‍ത്താല്‍ മതിയെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഞങ്ങള്‍ പലരേയും ചുമലിലേറ്റിയാണ് അവര്‍ രക്ഷിച്ചത്. അവര്‍ക്ക് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല.

ഞാന്‍ മരണമുഖത്ത് നിന്നും വീണ്ടും രക്ഷപ്പെട്ടു. പ്രളയത്തിനുപോലും എന്നെ കൊണ്ടുപോകാന്‍ കഴിയില്ലെന്നായി. ഇക്കുറി മത്സ്യതൊഴിലാളികളാണ് രക്ഷരായത്. മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തില്‍ ഞങ്ങളേയും അയല്‍ക്കാരേയുമുള്‍പ്പെടെ നിരവധിപേരെ പ്രളയത്തില്‍ നിന്ന് അവര്‍ രക്ഷപ്പെടുത്തി.

നിങ്ങളെയൊക്കെ ശല്യപ്പെടുത്താന്‍ ഞാന്‍ ബാക്കിയുണ്ട്. പ്രളയം പാഠമാകണം. ഇത്രയേറെ നമ്മള്‍ പ്രകൃതിയെ ദ്രോഹിച്ചതല്ലേ, ഇത്രയെങ്കിലും തിരിച്ചടിക്കേണ്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 4 ദിവസത്തിനിടെ 1800 പേരെ രക്ഷിച്ച പൂങ്കാവനം എന്ന വളത്തിനെ ചടങ്ങില്‍ പ്രത്യേകമായി അഭിനന്ദിച്ചു. ദുരന്തമുഖത്ത് രക്ഷകരായെത്തിയ 500-ലേറെ മത്സ്യതൊഴിലാളികളെ വൈപ്പിനില്‍ ആദരിച്ചു.

Related posts